കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് തിരിച്ചടി. കേസിന്‍റെ വിചാരണ സ്റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴക്കേസിലെ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി സമ്പാദിച്ച കേസിലാണ് നടപടി.
ഇരയുടെ പേരിൽ, ഇല്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചത് ഗൗരവകരമാണെന്ന് ഹൈക്കോടതി വിലയിരുത്തി. കേസ് ഒത്തുതീർപ്പായി എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.
എന്നാൽ ഒത്തുതീർപ്പ് ഉണ്ടായിട്ടില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വഞ്ചന കോടതിയിൽ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഭിഭാഷകൻ മറുപടി നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ ഉണ്ണി മുകുന്ദന്‍റെ അഭിഭാഷകൻ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദേശം നൽകി. കൊച്ചിയിലെ ഫ്ളാറ്റിൽ തിരക്കഥ സംസാരിക്കാനെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്.