തിരുവനന്തപുരം: കേരളത്തിൽ വാഹനങ്ങളുടെ എണ്ണത്തിൽ കുതിപ്പ് തുടരുകയാണ്. 1000 പേർക്ക് 466 വാഹനങ്ങൾ എന്നതാണ് പുതിയ കണക്ക്. ഫെബ്രുവരി അഞ്ചിന് നിയമസഭയിൽ വച്ച സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈ കണക്ക്. 2013ൽ 80,48,673 വാഹനങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. 2022 ൽ ഇത് 1,55,65,149 ആയി. അതായത് 93 ശതമാനം വർധന.
വാഹനങ്ങളുടെ എണ്ണം ഇരട്ടിയായെങ്കിലും റോഡിന്‍റെ നീളത്തിൽ വലിയ മാറ്റമൊന്നുമില്ല. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് 2011 ൽ 23,241 കിലോമീറ്റർ റോഡുണ്ടായിരുന്നു. 2022 ൽ ഇത് 29,522.15 കിലോമീറ്ററായി. 30 ശതമാനം വർധന. കേരളത്തിലെ റോഡ് സാന്ദ്രത 100 ചതുരശ്ര കിലോമീറ്ററിന് 548 കിലോമീറ്ററാണ്. ഇത് ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണെന്ന് അവലോകന റിപ്പോർട്ടിൽ പറയുന്നു.