Breaking News

സിലിണ്ടർ ആകൃതി; തുടർച്ചയായ രണ്ടാം ദിവസവം അജ്ഞാത പേടകം വെടിവച്ചിട്ട് അമേരിക്ക

ടൊറന്‍റോ: തുടർച്ചയായ രണ്ടാം ദിവസവും അമേരിക്ക അജ്ഞാത ബഹിരാകാശ പേടകം വെടിവച്ചിട്ടു. കാനഡയുടെ വ്യോമാതിർത്തിക്ക് മുകളിൽ കണ്ടെത്തിയ വസ്തു ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നശിപ്പിച്ചത്. അവശിഷ്ടങ്ങൾ വീണ്ടെടുക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള നടപടി ആരംഭിച്ചതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച അജ്ഞാത വസ്തുവിനെ അമേരിക്കൻ യുദ്ധവിമാനങ്ങളുടെ സഹായത്തോടെ വെടിവച്ചിട്ടു. അജ്ഞാത വസ്തു സിലിണ്ടർ ആകൃതിയിലാണെങ്കിലും കഴിഞ്ഞയാഴ്ച വെടിവച്ചിട്ട ചൈനീസ് ബലൂണിനേക്കാൾ വലുപ്പത്തിൽ ചെറുതാണെന്ന് കാനഡ വിശദീകരിക്കുന്നു.

കാനഡ പ്രതിരോധ മന്ത്രി അനിത ആനന്ദാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും കാനഡ പ്രധാനമന്ത്രിയും ചേർന്നാണ് തീരുമാനമെടുത്തതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം അലാസ്കയിൽ അജ്ഞാത വസ്തു കണ്ടതായി പെന്‍റഗൺ വ്യക്തമാക്കിയിരുന്നു. വസ്തു വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് കാനഡ നേതൃത്വം നൽകുമെന്നും ട്രൂഡോ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ യുഎസ് വ്യോമാതിർത്തിയിലെത്തുന്ന മൂന്നാമത്തെ അജ്ഞാത വസ്തുവാണിത്.

ഫെബ്രുവരി നാലിന് ചൈനീസ് ചാര ബലൂൺ അമേരിക്ക വെടിവെച്ചിട്ടിരുന്നു. നിലവിലെ അജ്ഞാത വസ്തുക്കൾ കഴിഞ്ഞയാഴ്ച വെടിവച്ചിട്ട ചൈനീസ് ബലൂണുമായി ബന്ധപ്പെട്ടതാണോ എന്ന് ഇതുവരെ വ്യക്തമല്ല. 40,000 അടി ഉയരത്തിലാണ് അജ്ഞാത വസ്തു പറന്നത്. കാനഡയുടെ വ്യോമാതിർത്തിയിൽ മറ്റ് വിമാനങ്ങൾക്ക് ഭീഷണിയുള്ള സാഹചര്യത്തിലാണ് നടപടി. കാനഡ-യുഎസ് അതിർത്തിയിൽ നിന്ന് 100 മൈൽ അകലെ കാനഡയിലെ യുക്കോണിലാണ് അജ്ഞാത വസ്തു വെടിവച്ചിട്ടത്. 

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …