Breaking News

അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു; പ്രതിപക്ഷ പാർട്ടികൾ മോദിക്ക് കത്തയച്ചു

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ഒപ്പിട്ട കത്തിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നു.

നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, എൻസിപി നേതാവ് ശരദ് പവാർ, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരാണ് കത്തിൽ ഒപ്പിട്ട മറ്റ് നേതാക്കൾ. “ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണെന്ന് നിങ്ങൾ സമ്മതിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പ്രതിപക്ഷ അംഗങ്ങൾക്കെതിരായ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറിയിരിക്കുന്നു,” കത്തിൽ കുറിച്ചു.

“ക്രമക്കേട് ആരോപിച്ച് ഒരു തെളിവുമില്ലാതെയാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. 2014 മുതൽ നിങ്ങളുടെ ഭരണത്തിന് കീഴിൽ അന്വേഷണ ഏജൻസികൾ അറസ്റ്റ് ചെയ്യുകയോ റെയ്ഡ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്ത രാഷ്ട്രീയക്കാരിൽ ഭൂരിഭാഗവും പ്രതിപക്ഷത്ത് നിന്നുള്ളവരാണ്. ബിജെപിയിൽ ചേരുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരായ കേസ് അന്വേഷണത്തിൽ അന്വേഷണ ഏജൻസികൾ മന്ദഗതിയിലാണ്’’ കത്തിൽ പറയുന്നു.

ശാരദാ ചിട്ടിഫണ്ട് അട്ടിമറി കേസിൽ നിരീക്ഷണത്തിലായിരുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കോൺഗ്രസിനൊപ്പമുണ്ടായിരുന്നത് ചൂണ്ടിക്കാണ്ടിയും കത്തിൽ പരാമർശിക്കുന്നു. “ഹിമന്ത ബിശ്വ ശർമ ബിജെപിയിൽ ചേർന്നതിന് ശേഷം അതുമായി ബന്ധപ്പെട്ട് യാതൊരു അന്വേഷണ പുരോഗതിയുമുണ്ടായില്ല, മുൻ തൃണമൂൽ കോൺഗ്രസ് നേതാക്കളായ സുവേന്ദു അധികാരിയും മുകുൾ റോയിയും നാരദ കേസിൽ ഇഡിയുടെയും സിബിഐയുടെയും അന്വേഷണ നിഴലിലായിരുന്നു. ശേഷം അവരും ബിജെപിയിൽ ചേർന്നതിന് ശേഷം അതിലും അന്വേഷണ പുരോഗതിയുണ്ടായില്ല”

“2014 മുതൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ നടത്തിയ റെയ്ഡുകളുടെയും കേസുകളുടെയും അറസ്റ്റിന്റെയും എണ്ണം ഗണ്യമായി വർധിച്ചു. നിരവധി പ്രതിപക്ഷ നേതാക്കളാണ് അന്വേഷണത്തിന് വിധേയരായത്, അവയിൽ മിക്ക അറസ്റ്റുകളും നടന്നത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ്. അവ രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്” കത്തിൽ പറയുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …