തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവിന് ഇ.പി ജയരാജന്റെ മുന്നറിയിപ്പ്. കരിങ്കൊടിയുടെ പേരിൽ മുഖ്യമന്ത്രിയെ ആക്രമിക്കുകയാണെങ്കിൽ അത് നോക്കിനിൽക്കില്ലെന്ന് ഇ.പി തൃശൂരിൽ പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേതൃത്വം നൽകുന്ന പ്രതിരോധ ജാഥയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പിണറായി വിജയന്‍റെ കുടുംബം ഈ നാടിന്‍റെ ഐശ്വര്യം ആണ്. അദ്ദേഹത്തെ തൊട്ടു കളിച്ചാൽ മനസ്സിലാക്കേണ്ടി വരും. പെൺകുട്ടികൾ മുടിയും ക്രോപ് ചെയ്ത് ഷർട്ടും ജീൻസും ഇട്ട് കറുത്ത കൊടിയിൽ കല്ലും കെട്ടി പിന്നാലെ പോയാൽ ഈ നാട്ടിലെ ജനങ്ങൾ നോക്കിനിൽക്കും എന്ന് കരുതരുത്. പ്രതിപക്ഷ നേതാവിനോട് ഒരു കാര്യം പറയാം, ഈ അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ പ്രതിഷേധിക്കും.” അങ്ങനെ സംഭവിച്ചാൽ അവരെ തടയാൻ കഴിയില്ലെന്നും ഇ പി പറഞ്ഞു.
കോൺഗ്രസ് ഓഫീസിൽ ഇപ്പോൾ സോണിയാ ഗാന്ധിയുടെയോ ഇന്ദിരാ ഗാന്ധിയുടെയോ ചിത്രമല്ല, പുതിയ ഗാന്ധിയുടെ ചിത്രമാണ് ഉള്ളതെന്ന് പറഞ്ഞ അദ്ദേഹം നാണമില്ലേ എന്നും ചോദിച്ചു. രണ്ട് സ്ത്രീകളെ കൊണ്ടുവന്ന് ചാരക്കേസ് ഉണ്ടാക്കിയ പാർട്ടി ആണ് കോൺഗ്രസെന്നും, കരുണാകരൻ മന്ത്രിസഭയെ താഴെയിറക്കാൻ നമ്പി നാരായണനെ ഇരയാക്കിയവരാണെന്നും ഇ പി കുറ്റപ്പെടുത്തി.