Breaking News

വൈദേകം വിവാദം; റിസോർട്ടിലെ ഓഹരികൾ ഒഴിവാക്കാൻ ജയരാജൻ്റെ കുടുംബം

തിരുവനന്തപുരം: കണ്ണൂർ വൈദേകം ആയുർവേദ റിസോർട്ടിലെ ഓഹരികൾ ഒഴിവാക്കാനൊരുങ്ങി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ കുടുംബം. ഓഹരികൾ മറ്റാർക്കെങ്കിലും കൈമാറാനാണ് ആലോചന. ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകൻ ജെയ്സണുമാണ് ഓഹരി കൈമാറാൻ ഒരുങ്ങുന്നത്. ഇരുവർക്കും 9,199 ഓഹരികളാണ് ഉള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷം രൂപയുടെയും ജെയ്സണ് 10 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. റിസോർട്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മുൻ എം.ഡി കെ.പി രമേശ് കുമാറിനും മകൾക്കും 99.99 ലക്ഷം രൂപയുടെ 9,999 ഓഹരികളുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ ഇന്ദിരയ്ക്കാണ് കൂടുതൽ ഓഹരികളുള്ളത്.

വൈദേകം ആയുർവേദ റിസോർട്ടിന് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ടിഡിഎസ് വകുപ്പാണ് നോട്ടീസ് പുറപ്പെടുവിച്ചത്. റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കരാറുകളുടെ വിശദാംശങ്ങളും രേഖകളും മാത്രമല്ല, ഉടമകളുടെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദേകത്തിന്‍റെ ഉടമസ്ഥതയിലുള്ള കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഓഹരി ഉടമകൾ ആരൊക്കെയാണെന്നും അവർക്ക് എത്ര ഓഹരികളുണ്ടെന്നും അന്വേഷിക്കാനാണ് നോട്ടീസ് നൽകിയത്. റിസോർട്ടിനായി ഭൂമി വാങ്ങിയതിന്‍റെ വിശദാംശങ്ങളും രേഖകളും തേടിയിട്ടുണ്ട്.

നിർമ്മാണം നടത്തിയ കരാറുകാരിൽ നിന്ന് പിരിച്ച നികുതി കൃത്യമായി അടച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ആദായനികുതി വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ടിന് വൈദേകത്തിൽ ടിഡിഎസ് വകുപ്പ് പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ ഓഹരി ഉടമകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സർക്കാരിൻ്റെ പക്കലുണ്ടെന്നും എന്നാൽ ആവശ്യപ്പെട്ടതനുസരിച്ച് മുഴുവൻ വിവരങ്ങളും വീണ്ടും നൽകിയിട്ടുണ്ടെന്നും വൈദേകം റിസോർട്ട് അധികൃതർ അറിയിച്ചു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …