Breaking News

തീപിടിത്തത്തിന് ശേഷമുളള ആദ്യ മഴ; കൊച്ചിക്കാ‍ർ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർ‍ഡ്

കൊച്ചി: ബ്രഹ്മപുരത്ത് പുക ശമിച്ചാലും കൊച്ചി നിവാസികൾ ഏറെ കാലം ജാഗ്രത പാലിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച വിഷവാതകങ്ങളുടെ അളവ് വളരെ ഉയർന്നതായിരുന്നു. അന്തരീക്ഷത്തിൽ ഡയോക്സിൻ പോലുള്ള വിഷവസ്തുക്കൾ കൂടുതലാണെന്ന് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മപുരത്തെ തീ അണച്ച ശേഷമുള്ള ആദ്യ മഴ സൂക്ഷിക്കണമെന്ന് ചീഫ് എൻജിനീയർ പി കെ ബാബുരാജൻ പറഞ്ഞു.

അപകടകരമായ നിലയിൽ വിഷവാതകത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. വൈറ്റില, മരട്, ഇരുമ്പനം, തൃപ്പൂണിത്തുറ പ്രദേശങ്ങളിലുള്ളവർ ശ്രദ്ധിക്കണം. ഡയോക്സിൻ പോലുള്ളവ നശിക്കാതെ വെള്ളത്തിലും മണ്ണിലും അന്തരീക്ഷത്തിലും നിലനിൽക്കും. ഇത് മനുഷ്യശരീരത്തെ ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകും, പ്രത്യുൽപാദന ശേഷി ഇല്ലാതാക്കും. കൊച്ചിയുടെ അന്തരീക്ഷത്തിൽ ഡയോക്സിൻ അളവ് കൂടുതലാണെന്ന് രണ്ട് വർഷം മുമ്പ് കണ്ടെത്തിയിരുന്നു.

തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയിൽ അന്തരീക്ഷത്തിലെ ഡയോക്സിൻ മഴവെള്ളത്തിനൊപ്പം കുടിവെള്ള സ്രോതസ്സുകളിൽ എത്താൻ സാധ്യതയുണ്ട്. ബ്രഹ്മപുരം പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അംഗീകാരം ഉണ്ടായിരുന്നില്ല. നിയമവിരുദ്ധമായാണ് ഇത് പ്രവർത്തിച്ചിരുന്നത്. ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്‍റ് എന്ന് വിളിക്കാനാവില്ല. മലിനീകരണ നിയന്ത്രണ ബോർഡ് പലതവണ നൽകിയ മുന്നറിയിപ്പുകൾ കോർപ്പറേഷൻ അവഗണിച്ചു. ഈ നിലയിലാണെങ്കിൽ ബ്രഹ്മപുരത്ത് ഇനിയും തീപിടിത്തമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …