2020 മാർച്ച് മാസം വരെ നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ച് സ്കൂൾ തലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം ശക്തമായ നിയന്ത്രണത്തിലായിരുന്നു. അന്ന് മൊബൈലിൽ പ്രശ്നബാധിതരായ കുട്ടികളെ കണ്ടെത്തുകയും വിദഗ്ധ ഉപദേശം നൽകി താക്കീതു നൽകി വിടുന്നതുമായ കാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാണാൻ കഴിയുന്ന ഒരു കാഴ്ചയായിരുന്നു. അതൊരുകാലം.
പക്ഷെ കോവിഡ് കാലഘട്ടത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാവുകയും അന്നുവരെ വിദ്യാർത്ഥികളിൽ അപ്രാപ്യമായിരുന്ന മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിച്ചിരുന്ന വിദ്യാലയാന്തരീക്ഷവും ഗാർഹികാന്തരീക്ഷവും കൂടാതെ സാമൂഹികാന്തരീക്ഷവും പാടേ മുറുകയാണുണ്ടായത്. തുടർന്ന് വിദ്യ നേടാൻ വിദ്യാർത്ഥികൾക്ക്മൊബൈൽ ഫോൺ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു.
കുട്ടികൾ ഇരു കൈകളും നീട്ടി മൊബൈൽ ഫോൺ സ്വീകരിക്കുകയും എന്തിനും ഏതിനും അവർ അതിനെ ഉപയോഗിക്കുകയും ദുരുപയോഗത്തിനു പോലും മൊബൈൽ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അത് സമൂഹത്തിൽ, വിദ്യാർത്ഥികളിൽ ,ഗാർഹികാന്തരീക്ഷത്തിൽ, ജീവിതത്തിലൊക്കെ വിപ്ലവാത്മകമായ മാറ്റം ഉണ്ടാവുകയാണ് ചെയ്തത്.
പoന സമയത്തും ഒഴിവു ദിനങ്ങളിലും വിനോദങ്ങളിലും സ്കൂൾ വെക്കേഷൻ സമയത്തും ഇന്ന് കുട്ടികൾ സദാ സമയം മൊബൈൽ ഉപയോഗിക്കുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. അറിവു നേടാൻ ഇതുപകരിക്കുമെങ്കിലും അതിലേറെ ഇതിൻ്റെ ദുരുപയോഗത്തിലൂടെ വിദ്യാർത്ഥികളിൽ അപകാരമായി മാറിയിരിക്കുന്നു എന്നുള്ളതാണ് വാസ്തവം ഒഴിവുകാലത്ത് ഇത്തരത്തിൽ നമ്മുടെ കുട്ടികൾ സമയം ചെലവഴിക്കുമ്പോൾ ഒരു ഗ്രാമത്തിലെ കുറെകുട്ടികൾ ചേർന്ന് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ മാവടി എന്ന ഗ്രാമത്തിലെ അംബേദ്കർ കോളനിയിലെ കുട്ടികളാണ് മറ്റുള്ള കുട്ടികൾക്കും മാർഗ്ഗദർശികളായി മാറിയിരിക്കുന്നത്. ഓടാനും ചാടാനും കറങ്ങി നടക്കാനും തീയറ്ററുകളിൽ പോകാനും എന്തിന് മൊബൈൽ ഫോണിലൂടെ എല്ലാവിധ ചലച്ചിത്രങ്ങളും കാണുവാനുള്ള സാഹചര്യം ഇവർക്ക് കണ്ടെത്താൻ കഴിയുമെങ്കിലും അതിനൊന്നും തയ്യാറാകാതെ കഴിഞ്ഞ ഏപ്രിൽ – മേയ് മാസങ്ങളിലെ ഒഴിവുകാലം തങ്ങളുടെ കരവിരുതിൽ സംന്താഷം കണ്ടെത്തുകയായിരുന്നു.
കരവിരുതിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഇവർക്ക്അനുകൂലമായ സഹായ സഹകരണങ്ങൾ സുമനസ്സുകളിൽ നിന്നും ലഭിച്ചാൽ ഇവർ തീർച്ചയായും ഈ മേഖലയിൽ വിദഗ്ധരാകം എന്നുള്ളതിൽ സംശയമില്ല. ഇവർക്ക് ഒരു സങ്കടമേ ഉള്ളൂ – ഞങ്ങൾ കഷ്ടപ്പെട്ട് മണ്ണിൽ നിർമ്മിച്ച മനോഹര ശില്പങ്ങൾ ഇല്ലാതാകുമല്ലൊ എന്നുള്ളത്. ഇവർ സമൂഹത്തിലെ ഭാവി വാഗ്ദാനങ്ങളായി മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു.