Breaking News

പ്രതിപക്ഷ ദൈവങ്ങളുടെ നാട്: കള്ള് നേർച്ചയായും നിവേദ്യമായും ലഭിക്കുന്ന ക്ഷേത്രം

ദക്ഷിണ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന നൂറു കണക്കിന് ചെറുതും വലുതുമായ മലനട ക്ഷേത്രങ്ങളിൽ വളരെ ശ്രദ്ധേയമായ ക്ഷേത്രങ്ങൾ നിരവധിയാണ്.ഇതിൽ പ്രതിപക്ഷ ദൈവങ്ങളെ ഒരു പ്രദേശത്തിൻ്റെ ആരാധനാമൂർത്തികളായ് ആരാധിച്ചും വിശ്വസിച്ചും പോരുന്ന ഒരു ജനസമൂഹം ഇവിടെ ഉണ്ട്.

മഹാഭാരത കഥയിലെ അധർമ്മ പക്ഷത്ത് നിലയുറപ്പിച്ചു കൊണ്ട് തൻ്റെ ചിന്തയും പ്രവർത്തികളും ഒരു ജനസമൂഹത്തെ മുഴുവനും ധർമ്മ വിരുദ്ധ പ്രവർത്തിയിലൂടെ നയിക്കുവാൻ പ്രചോദിപ്പിച്ച ശക്തൻമാരായ കൗരവരേയും, ധർമ്മ പക്ഷത്തിൽ അടിയുറച്ച് ജനക്ഷേമകരമായ പ്രവർത്തികളിൽ ഏർപ്പെട്ട പാണ്ഡവപക്ഷത്തെയും നമുക്കു മഹാഭാരതകഥയിൽ വായിച്ചെടുക്കാവുന്നതാണ്.

കൗരവ-പാണ്ഡവർ അണിചേർന്ന മഹാഭാരത യുദ്ധത്തെക്കുറിച്ച്, അഥവാ കുരുക്ഷേത്രയുദ്ധത്തെക്കുറിച്ച് അറിയാത്തവർ ഭാരതത്തിൽ ചുരുക്കമായിരിക്കും. ഇതിൽ കൗരവപക്ഷത്തെ ദുര്യോധനനു വേണ്ടി ഒരു ക്ഷേത്രം ഇങ്ങ് കേരളത്തിൽ ഉണ്ടെന്നുള്ള കാര്യം എത്ര പേർക്കറിയാം. ദക്ഷിണേന്ത്യയിലുള്ള ഏക ദുര്യോധന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട പോരുവഴി എന്ന സ്ഥലത്താണ്.

ഇത് പോരുവഴി പെരുവരുത്തി മലനട എന്ന പേരിൽ അറിയപ്പെടുന്നു. ആൽത്തറയിലെ ഒരു പീഠം മാത്രമാണ് മലനട അപ്പൂപ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന ദുര്യോധനൻ്റെ പ്രതിഷ്ഠയായി കണക്കാക്കപ്പെടുന്നത്. ക്ഷേത്രസങ്കല്പങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇവിടെ ക്ഷേത്ര ശ്രീകോവിലോ വിഗ്രഹമോ ചുറ്റമ്പലമോ ഇല്ലന്നുള്ളത് ഒരു പ്രത്യേകതയാണ്. കവളകർമ്മമാണ് ഇവിടെ നടക്കുന്നത്.

വെറ്റിലയും പുകയിലയുംപാക്കും ഉപയോഗിച്ച് ഊരാളി അടുക്കുവച്ചുപൂജിക്കുന്നു. കൂടാതെ പൂജയ്ക് ശുദ്ധമായ കള്ള് ഉപയോഗിക്കുകയും ഭക്തർക്ക് തീർത്ഥമായി കള്ള് കൊടുക്കുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. ഇതിൻ്റെ പിന്നിൽ ഒരു നാടോടിക്കഥ നിലനിൽക്കുന്നുണ്ട്- ദേശാടനത്തിനു പുറപ്പെട്ട ദുര്യോധനൻ ഇതുവഴി കടന്നു പോകുമ്പോൾ ദാഹശമനാർത്ഥം ജലത്തിനു പകരo ശുദ്ധമായ കള്ള് ലഭിച്ചുവെന്നും പിന്നീട് ദുര്യോധനൻ ഈ നാട്ടിൽ സ്ഥിരതാമസമായി എന്നുമാണ് ഒരു കഥ.

ഇതിൻ്റെ അടിസ്ഥാനത്തിലും വിശ്വാസത്തിലുമാണ് ഇവിടെ എത്തുന്ന ഭക്തർക്ക് തീർത്ഥമായി മദ്യം ലഭിക്കുന്നത്. മീനമാസത്തിലെ മലക്കുട മഹോത്സവം ആണ് പ്രധാന ഉത്സവം. കെട്ടുകാഴ്ചകളും ഇതര മലനട ക്ഷേത്രങ്ങളിലെപ്പോലെയുള്ള വഴിപാടു ദ്രവ്യങ്ങൾ തന്നെയുമാണ് ഇവിടുത്തെയും വഴിപാടുകൾ ക്ഷേത്രത്തിൻ്റെ ഐതിഹ്യം മഹാഭാരതകഥയുമായി ബന്ധപ്പെട്ടതാണ്.

ഇവിടുത്തെ വനങ്ങളിൽ ഉണ്ടാവുമെന്നു കരുതി പാണ്ഡവരെ തേടിയിറങ്ങിയ ദുര്യോധനനും കൂട്ടരും ഇവിടെ വിശ്രമിച്ചുവെന്നും ദാഹാർത്ഥരായ അവർക്ക് ഒരു കുറവസ്ത്രി മധുചഷകം നൽകി സൽക്കരിച്ചുവെന്നും, സംപ്രീതനായ കൗരവ രാജാവ് 101 ഏക്കർ വസ്തു അവർക്കു നൽകി അനുഗ്രഹിച്ചുവെന്നുമാണ് ഇന്ന് കൂടുതൽ പ്രചാരത്തിലുള്ള ഒരു ഐതിഹ്യം.കൂടാതെ നിഴൽക്കുത്തിൽ പാണ്ഡവരെ വകവരുത്തുവാൻ നിയോഗിക്കപ്പെട്ട ഭാരത മലയൻ്റെ വാസസ്ഥാനമായിരുന്നു ഇതെന്നും പറയപ്പെടുന്നു.

മലയുടെ മുകളിലുള്ള നട എന്നതിനാലാണ് ഈ പേരു വന്നത്.12 വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാന പ്രശസ്തമാണ്. 12 ദിവസം നീണ്ടു നിൽക്കുന്ന ഈ പൂജ ചൂരൽ വള്ളികൾ ശരീരത്തിൽ ചുറ്റി ക്ഷേത്ര മുറ്റത്തു ഉരുളുന്ന പള്ളിപ്പാന ചടങ്ങ് കുരുക്ഷേത്രയുദ്ധത്തിലെ ശരശയ്യയെയാണ് അനുസ്മരിക്കുന്നത്. ദുര്യോധനൻ – മഹാഭാരതത്തിലെ ഏറ്റവും വെറുക്കപ്പെട്ട ഒരു കഥാപാത്രം. അധർമ്മത്തിൻ്റെ പര്യായമെന്ന് പേരുകേട്ടവൻ.എക്കാലവും പാണ്ഡവരാൽ അപമാനിക്കപ്പെടുകയും തോൽവി ഏറ്റുവാങ്ങുകയും ചെയ്തവൻ.

രാജ്യാവകാശം വിട്ടുകൊടുക്കാത്തതിനാൽ സംഭവിച്ച മഹാഭാരത യുദ്ധത്തിൽ അഞ്ചു തലമുറകളിലെ ബന്ധുക്കളെയും നഷ്ടപ്പെട്ടവൻ.ഭീമസേനൻ്റെ ആക്രമണത്തിൽ തുടയെല്ല് തകർന്ന് മരിക്കാൻ വിധിക്കപ്പെട്ടവൻ.മഹാഭാരതത്തിൽ ഏറ്റവും നികൃഷ്ടനായി അവതരിപ്പിക്കപ്പെടുന്ന അതേ ദുര്യോധനൻ ആരാധനാമൂർത്തിയായ ക്ഷേത്രമാണ് കേരളത്തിൽ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം. ക്ഷേത്രോല്പത്തിയുമായി ബന്ധപ്പെട്ട് മഹാഭാരതത്തിലെ നിഴൽക്കുത്തുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്.

ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവർ ഐശ്വര്യസമൃദ്ധിയോടെ വാഴുന്ന കാലം. പാണ്ഡവരോട് അസൂയ പൂണ്ട ദുര്യോധനൻ ശകുനിയുടെ ഉപദേശപ്രകാരം അവരുടെ ഐശ്വര്യം ഇല്ലാതാക്കാൻ പല വഴികളും ആലോചിക്കുന്നു. നാനാദിക്കിലേക്കും ചാരൻമാരെ അയച്ച് പുതിയ പദ്ധതികളെ കുറിച്ച് അന്വേഷിക്കുന്നതിനിടയിലാണ് അതിലൊരാൾ ഭാരത മലയൻ എന്ന മന്ത്രവാദിയെ കുറിച്ച് പറയുന്നത്. മഹാ മാന്ത്രികനാണ് ഭാരത മലയൻ.

നിഴൽക്കുത്തി ശത്രുക്കളെ വധിക്കാൻ കെല്പുള്ള വ്യക്തിയാണ്. അതു കേട്ടതും മലയെന കൂട്ടിക്കൊണ്ടുവരുവാൻ ദൂതനെ അയച്ചു.അദ്ദേഹത്തിൻ്റെ ശക്തി പരിശോധിക്കാൻ സുശർമ്മാവ് എന്ന ത്രിഗർത്തേശനെയും നിയോഗിച്ചു.മന്ത്രവാദി വരുമ്പോൾ കോട്ടവാതിൽക്കൽ തടയണമെന്നാണ് സുശർമ്മാവിന് കൊടുത്ത നിർദ്ദേശം.പറഞ്ഞതുപോലെ സംഭവിച്ചു. തന്നെ തടഞ്ഞ കാവൽക്കാരനെ മന്ത്രവാദിതോൽപ്പിക്കുകയും ചെയ്തു.

സുപ്രീതനായ ദുര്യോധനൻ ആവശ്യം അറിയിച്ചു. എന്നാൽ യുധിഷ്ഠിരനോട് മമതയുള്ള ഭാരത മലയൻ ആദ്യം ആവശ്യം നിരാകരിച്ചു. പക്ഷെ.ദുര്യോധനൻ്റെ ഭീഷണിയ്ക്കു വഴങ്ങി ഒടുവിൽ നിഴൽക്കുത്തി പാണ്ഡവരെ വധിച്ചു. ലഭിച്ച പാരിതോഷികങ്ങളുമായി വീട്ടിൽ എത്തിയ ഭർത്താവിൽ നിന്ന് കഥയറിഞ്ഞ മലയൻ്റെ ഭാര്യ കോപാകുലയായി. കുന്തീ ദേവിയ്ക്ക് പുത്ര ദു:ഖം ഉണ്ടാക്കിയ ഭർത്താവിൻ്റെ പ്രവൃത്തിയിൽ മനംനൊന്ത് സ്വന്തം മകനെ വധിച്ച ശേഷം കുന്തീ സന്നിധിയിൽ എത്തിയ അവരെ ശ്രീകൃഷ്ണൻ സമാധാനിപ്പിക്കുകയും പുത്രനെ പുനർജ്ജീവിപ്പിക്കുകയും ചെയ്തു.

ഈ നിഴൽക്കുത്ത്‌’ കഥയിലെ ഭാരത മലയൻ്റെ വാസസ്ഥലമായിരുന്നു പോരുവഴി എന്നാണ് ഒരു ഐതിഹ്യം.ഈ ഐതീഹ്യത്തിൽ ദുര്യോധന ക്ഷേത്രോല്പത്തിയെ കുറിച്ച് പറയുന്നില്ലെങ്കിലും ഉത്സവത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നിഴൽക്കുത്ത് കഥകളി എന്നത് ഈ ഐതീഹ്യവുമായി ക്ഷേത്രത്തെ ചേർത്തുനിർത്തുന്നു. മഹാഭാരതത്തിലെ കൗരവ പ്രധാനിയായ ദുര്യോധന മഹാരാജാവാണ് മുഖ്യ ആരാധനാമൂർത്തി. ഭൂമിക്ക് കരം പിരിവ് തുടങ്ങുന്ന കാലം മുതൽ പാട്ടാധാരത്തിൻ്റെ സ്ഥാനത്ത് ദുര്യോധനൻ എന്ന പേര് ചേർത്താണ് മലനട നിവാസികൾ നികുതി ഒടുക്കിയിരുന്നത്.

പടിഞ്ഞാറും തെക്കും വിശാലമായ നെൽപ്പാടങ്ങളുടെയും കിഴക്കും വടക്കും കൃഷിഭൂമികളുടെയും നടുക്ക് പ്രകൃതി ഭംഗിയാൽ മനോഹരമായ മലമുകളിലാണ് അപ്പൂപ്പൻ എന്ന സങ്കല്പത്തിൽ ദുര്യോധനൻ കുടികൊള്ളുന്നത്. എല്ലാ ദു:ഖ നിവാരണങ്ങൾക്കും വിളിച്ചപേക്ഷിക്കുന്നവർക്കും എന്തും നേടിക്കൊടുക്കുന്ന മലനട അപ്പൂപ്പനെ കാണാൻ രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും നാനാജാതി മതസ്ഥർ ഇവിടെ എത്തിച്ചേരുന്നു. ദ്രാവിഡ സംസ്കാരം തലമുറകളായി കാത്തു സൂക്ഷിക്കപ്പെട്ടതിൻ്റെ ഉത്തമോദാഹരണമാണ് മലനട .

കുറവ സമുദായത്തിൽ പെട്ട കടുത്താംശ്ശേരി കുടുംബത്തിലെ ഊരാളി നൂറ്റാണ്ടുകളായി ദ്രാവിഡ ആചാരപ്രകാരം പൂജാകർമ്മങ്ങൾ നടത്തി വരുന്നു.മലക്കുട മഹോത്സവത്തിന് ഊരാളി കൈയ്യിലേന്തന്നു കുട മല നാഥനായ ഊരാളിയുടെ അധികാരത്തിൻ്റെ പ്രതീകമാണ്. ദുര്യോധനൻ ഈ ക്ഷേത്രത്തിലെ ആരാധനാ മൂർത്തി ആയതിനു പിന്നിൽ ഒരു ഐതീഹ്യം ഉണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് അവരെ അന്വേഷിച്ച് കൗരവർ ദേശസഞ്ചാരത്തിനിറങ്ങുകയും മലനടയിൽ എത്തുകയും ചെയ്തു.

യാത്ര ചെയ്ത് ദാഹിച്ച് പരവശനായ ദുര്യോധനൻ മലനടക്കുന്നിന് വടക്കുപടിഞ്ഞാറുള്ള കടുത്താംശ്ശേരി കൊട്ടാരത്തിൽ എത്തുകയും ദാഹജലം ആവശ്യപ്പെടുകയും ചെയ്തു. ഒരു സ്ത്രീ കുടിക്കുവാൻ ഒരു കുടം ചെത്തു കള്ള് കൊടുത്തു. സന്തോഷത്തോടെ അദ്ദേഹം അതു പാനം ചെയ്തു. ആ സ്ത്രീ തിരിഞ്ഞു നടന്നപ്പോൾ കഴുത്തിലെ പുറത്താലി കാണുകയും കുറവ സമുദായത്തിൽ പെട്ട സ്ത്രീയാണെന്ന് മനസ്സിലാക്കുകയും ചെയ്തു.

അങ്ങനെ അദ്ദേഹത്തിനു ഈ പ്രദേശത്തെ ദൈവീകതയും ആളുകളുടെ അതീന്ദ്രിയ ശക്തിയും മനസ്സിലാക്കുവാൻ സാധിച്ചു. പിന്നീട് ഇവിടുത്തെ ജനങ്ങൾക്കുവേണ്ടി ഈ മലമുകളിൽ ഇരുന്ന് ശിവനെ ധ്യാനിക്കുകയും ചെയ്തു.മഹാഭാരത യുദ്ധം കൊടും പിരികൊണ്ട സമയം ദുര്യോധനൻ പ്രദേശവാസികളോട് അനുവാദം ചോദിച്ച് യുദ്ധത്തിനു പുറപ്പെട്ടു. പുറപ്പെടുന്ന സമയം അദ്ദേഹം ജനങ്ങളോടായി ഇപ്രകാരം പറയുകയുണ്ടായി.മീനമാസം രണ്ടാം വെള്ളിയാഴ്ച യുദ്ധത്തിൽ വിജയശ്രീലാളിതനായി ഞാൻ തിരിച്ചു വരും.

അന്ന് എന്നെ സ്വീകരിക്കുന്നതിനുവേണ്ടി മീനമാസം ഒന്നാം വെള്ളിയാഴ്ച മുതൽ സകലവിധ ഒരുക്കങ്ങളോടും കൂടി നിൽക്കണം. മീനമാസം രണ്ടാം വെള്ളിയാഴ്ച വലിയ കെട്ടുകാഴ്ചകളോടും ആചാരവെടിയോടും കൂടി ദ്യൂര്യാധനനെ വരവേൽക്കാനുള്ള ഒരുക്കങ്ങളാണ് മലനട നിവാസികൾ നടത്തുന്നത്. മലക്കുട ദിവസം അർദ്ധരാത്രിയിൽ ക്ഷേത്രത്തിലെ പ്രധാവ ആൽത്തറയിൽ പനംപായ് വിരിച്ച് വായ്ക്കരികിടീൽകർമ്മം നടത്തുന്നതും തുടർന്ന് അമ്പെയ്ത്ത് നടത്തുന്നതും ഈ വിശ്വാസത്തിൻ്റെ പ്രതീകമായിട്ടാണ്.

മീനമാസത്തിലെ ഒന്നാം വെള്ളിയാഴ്ച കൊടിയേറി രണ്ടാം വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ മലക്കുട മഹോത്സവം നടക്കുന്നത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഉത്സവദിവസം കൊടിയിറങ്ങാതെ മൂന്നാം വെള്ളിയാഴ്ച മാത്രമാണ് കൊടിയിറങ്ങുന്നത്. ഇതിഹാസങ്ങളിലൂടെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും ഇന്നും ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതുമായ ഇതിഹാസ കഥകളെ നാടോടി കഥകളിലൂടെ നാടിൻ്റെ വ്യത്യസ്ഥ മേഖലകളിൽ എത്തപ്പെടുമ്പോൾ കഥാഭ്രംശം ഉണ്ടാവുകയും കാലഗതിയനുസരിച്ച് കഥോപകഥകൾക്കു മാറ്റം സംഭവിക്കുകയും സർവ്വസാധാരണമാണ്.

ഒരു ജനതയുടെ വിശ്വാസങ്ങൾക്കു തകരാറ് സംഭവിക്കാതെ ഇതിഹാസങ്ങളെ സൂക്ഷ്മനിരീക്ഷണത്തിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഇതിനുള്ള ഉത്തരം ലഭിക്കും എന്നുള്ളത് വളരെ സത്യമാണ്. ഇതിഹാസ കഥകളാലും നാടോടിക്കഥകളാലും കെട്ടുപിണഞ്ഞു കിടക്കുന്ന ഈ ക്ഷേത്രവും ക്ഷേത്രാചാരങ്ങളും, ഇവിടുത്തെ വിശ്വാസവും തലമുറകളിലൂടെ എത്തപ്പെട്ടതാണ്.ഒരു നാടിൻ്റെ സമൃദ്ധിയ്ക്ക് കാരണഭൂതമായ പെരുവതുരുത്തി മലനട അപ്പൂപ്പനെ കാണാൻ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ സമീപസ്ഥങ്ങളായ മുല ക്ഷേത്രങ്ങളിലെത്തി ദർശന സായൂജ്യം അടയുന്നതും ഉചിതമായിരിക്കും.

തയ്യാറാക്കിയത്:

സുരേഷ് കളീലഴികം

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …