ജോലി കിട്ടാതെ വരുമ്പോൾ പല കുട്ടികളും കൂലി വേലകൾ വരെ (പറമ്പിൽ ഉള്ള പണികൾ,വീട് വൃത്തിയാക്കൽ ) ക്യാഷ് ജോബ്സ് ആയി ചെയ്യാനൊരുങ്ങുന്നു, അതും വളരെ കുറഞ്ഞ വേദനത്തിലും. നാട്ടിലെ ലോൺ അടക്കണ്ടായോ..കഷ്ടം! ഇവരിൽ പലരും സ്വന്തം വീട്ടിൽ ഒരു ഇല പോലും മുറ്റത്തു നിന്ന് പെറുക്കി മാറ്റി കാണില്ല ഉറപ്പ്! നാട്ടിലെ റേഷൻ കടകൾ പോലെ ആണ് ഇവിടുത്തെ ഫുഡ് ബാങ്കുകൾ. കുറഞ്ഞ വരുമാനക്കാരായവരും തൊഴിൽരഹിതരുമായ ഇവിടുത്തെ സ്ഥിര താമസക്കാർക്കും (permanent residents) പൗരന്മാർക്കും അത്യാവശം വേണ്ട ബ്രെഡും, പാസ്റ്റയും, മുട്ടയും, പാലും ചിക്കനുമെല്ലാം സൗജന്യമായി കിട്ടുമിവിടെ.
എന്നാൽ വിദേശ വിദ്യാർഥികൾ ആണ് ഈ ഫുഡ് ബാങ്കുകളിൽ ഇപ്പോഴത്തെ സ്ഥിരം സന്ദർശകർ. ദാരിദ്ര്യത്തിൽ വിശന്നു വലഞ്ഞു വരുന്നവർക്കായുള്ള ഭക്ഷണം ഇവർക്കും നൽകുന്നു ഈ ഫുഡ് ബാങ്കുകൾ. എന്നാൽ മറ്റുള്ളവരെ കുറിച്ച് തെല്ലുമോർക്കാതെ കയ്യിൽ കിട്ടാവുന്ന എല്ലാ ഭക്ഷണ സാധനങ്ങളും വാരി പെറുക്കി ഓസുകയും അത് സോഷ്യൽ മീഡിയയിൽ ഇട്ടു വൈറൽ ആക്കുന്ന ( അതും ജോലി ചെയ്തു സമ്പാദിക്കുന്ന) ചില വേന്ദ്രന്മാരും ഇക്കൂട്ടത്തിലുണ്ട്. സ്വാർത്ഥന്മാരായ ഇവരൊക്കെ ചെയ്യുന്ന ഈ പ്രവർത്തികൾ കാണുമ്പോൾ മനസ്സാ ശപിക്കുന്നവരിൽ ഭൂരിഭാഗവും ഇവിടെ അദ്ധ്വാനിച്ചു സമ്പാദിച്ചു സമ്പാദ്യത്തിന്റെ 40 ശതമാനത്തോളം
(നെറ്റി ചുളിക്കേണ്ട, ലോകത്തിൽ ഇൻകം ടാക്സ് പിരിക്കുന്നതിൽ ഏതാണ്ട് ഒന്നാമത്തെ നിരയിൽ തന്നെ ആണ് കാനഡ!) ഗവൺമെന്റിന് തിരികെ നൽകുന്നവരാണ്. പൗരന്മാർക്ക് ഇത്രയേറെ സൗജന്യ സേവനങ്ങൾ നൽകുന്ന ഒരു രാജ്യം വേറെ കാണില്ല. എന്നാൽ ഗൾഫ് രാജ്യങ്ങളിലെ പോലെ പണം സമ്പാദിക്കാൻ പറ്റുമെന്ന് കരുതി കാനഡയിലേക്ക് വരേണ്ടതില്ല. ഇവിടെ ആഴ്ചയിലെ രണ്ടു ദിവസത്തോളം കിട്ടുന്ന ശമ്പളം മാത്രമേ കയ്യിൽ കിട്ടുകയുള്ളു ബാക്കി മൂന്ന് ദിവസത്തേതു ടാക്‌സ് ആയി ഗവൺമെന്റിന് കാണിക്ക സമർപ്പിക്കണം.
സോഷ്യൽ മീഡിയയും ഏജൻസികളും മറ്റും നിരത്തുന്ന മധുര വാഗ്ദാനങ്ങൾ തന്നെ ആണ് ഈ വിദ്യാത്ഥികളുടെ ചേക്കേറൽ നിയത്രണാതീതം ആക്കുന്നത്. കാനഡ പോലുള്ള പാശ്ചാത്യ രാജ്യങ്ങളിൽ സാമ്പത്തിക ലാഭത്തെക്കാൾ ഉപരി ഉന്നത ജീവിത നിലവാരവും ഇവിടെ കിട്ടുന്ന അതിരുകളില്ലാത്ത വ്യക്തി സ്വാതന്ത്ര്യവും നമ്മുടെ പുതു തലമുറയെ ഇവിടേയ്ക്ക് വല്ലാതെ ആകർഷിക്കുന്ന പ്രധാന ഘടകകങ്ങളാണ്. നമ്മുടെ നാട്ടിൽ എപ്പൊഴും കാരണവന്മാരുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുട്ടികൾ ഇവിടെ വന്നാൽ കൂട്ടിൽ നിന്നും തുറന്നു വിട്ട കിളികളെ പോലെ എല്ലാം അനുഭവിച്ചും ആസ്വദിച്ചും നടക്കാൻ ശ്രമിക്കുന്നു.
കഞ്ചാവ് വരെ “legal” ആയിട്ടുള്ള രാജ്യങ്ങൾ ചുരുക്കമല്ലേ ലോകത്തു! കഴിഞ്ഞ ദിവസം ഓൺലൈൻ പത്രത്തിൽ വായിച്ച മറ്റൊരു വാർത്ത – “കാനഡയിൽ ചേക്കേറുന്നവർക്കു നികുതി രഹിത അക്കൗണ്ട് പദ്ധതി വഴി 40 ,000 ഡോളർ വരെ ഭവനസഹായം ലഭിക്കും”- ഇത് വായിക്കുന്ന ഏതൊരു മലയാളിയും ആദ്യം തന്നെ 40 ,000 ഡോളർ എത്ര ഇന്ത്യൻ രൂപ ആണെന്ന് കണക്കാക്കും,പിന്നെ വിചാരിക്കും ഈ രാജ്യത്തു എത്ര നല്ല ആചാരങ്ങൾ ആണ് തന്നെ കാത്തിരിക്കുന്നത് എന്ന്. തൊഴിൽ കാംക്ഷികളായ നാട്ടിലെ ചെറുപ്പക്കാരെ ഇങ്ങോട്ടേക്കു കൊണ്ടുവരാൻ ഇതുപോലുള്ള ഒരു ത്രെഡ് ലൈൻ മാത്രം മതി!
എന്നാൽ ഇ പദ്ധതി മൂലം അതിനു തക്കതായ ജോലി സമ്പാദിച്ചു പണം ഈ പദ്ധതിയിൽ നിക്ഷേപിച്ചു അതിന്റെ തുച്ഛമായ പലിശ സമ്പാദിച്ചു അതിൽ നിന്ന് 40 ,000 ഡോളർ വരെ പിൻവലിക്കുമ്പോൾ ടാക്സിൽ നിന്ന് രക്ഷപെടാമെന്നതാണ് സത്യം! 18 വര്ഷങ്ങള്ക്കു മുൻപ് ഇത് പോലെ ഒരു വിദ്യാർഥി ആയി കാനഡയിലേക്ക് ചേക്കേറിയ ഒരു വ്യക്തി ആണ് ഞാൻ. എന്നാൽ ഈശ്വരാനുഗ്രഹത്താൽ വീടും പറമ്പും പണയം വെക്കാതെയും ലോൺ എടുക്കാതെയും എനിക്കും ഭർത്താവും കുഞ്ഞും അടങ്ങുന്ന എന്റെ കൊച്ചു കുടുംബത്തിനും ഇവിടെ എത്താനും സ്ഥിരതാമസമാക്കാനും സാധിച്ചു.
MSc ബിരുദാനന്തര ബിരുദത്തിനും അതിനോടനുബന്ധിച്ച ഗവേഷണത്തിനും സ്കോളർഷിപ്പും stipendum കിട്ടിയിരുന്നു. എന്നിട്ടും യൂണിവേഴ്സിറ്റി ലാബിൽ പാർട്ട് ടൈം ജോലി ചെയ്തും, ടീച്ചിങ് അസിസ്റ്റന്റ് ആയി ജോലി ചെയ്തും കുടുംബ ചിലവുകൾ മുന്നോട്ടു കൊണ്ടുപോയി. PhD അഡ്മിഷൻ ആയപ്പോഴേക്കും permanent resident ആയതിനാൽ ഫെഡറൽ ഗവണ്മെന്റിന്റെ (NSERC) സ്കോളർഷിപ്പ് ലഭിച്ചു.
അഞ്ചു വര്ഷത്തോളവും ഗവേഷണം നീണ്ടു നിന്നതിനാൽ അപ്പോഴും പാർട്ട് ടൈം ആയി Guelph യൂണിവേഴ്സിറ്റി കഫെറ്റീരിയയിൽ ജോലി ചെയ്തു. ഇന്നിപ്പോൾ യൂണിവേഴ്സിറ്റി അധ്യാപനം ചെയ്യുമ്പോൾ ഞാൻ പഠിപ്പിക്കുന്ന ഇന്റർനാഷണൽ വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കാണുമ്പോൾ അതെ പാതയിലൂടെ സഞ്ചരിച്ച എനിക്ക് അത് മനസ്സിലാക്കാൻ എളുപ്പത്തിൽ സാധിക്കുന്നുണ്ട്. എന്റെ പരിചയക്കാരിൽ നിന്നും അവരുടെ പരിചയത്തിൽ നിന്നുമൊക്കെ ആയി കുറെ സന്ദേശങ്ങൾ എനിക്ക് നിത്യേന ലഭിക്കാറുണ്ട്.