പ്രായപൂര്‍ത്തിയാകാത്തതിന്റെ പേരില്‍ വിവാഹം നടക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആണ്‍കുട്ടിയുടെ കൈകൊണ്ട് പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്ത്തിച്ചതായി റിപ്പോര്‍ട്ട്.
പശ്ചിമബംഗാളിലെ ബര്‍ധമാനില്‍ നിന്നാണ് ഈ നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പരസ്പരം പ്രണയത്തിലായിരുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിവാഹ പ്രായമെത്താത്തതുകൊണ്ട് പെണ്‍കുട്ടിയുടെ അമ്മ വിവാഹത്തെ എതിര്‍ത്തിരുന്നു.
ഇതിനെത്തുടര്‍ന്ന് ഇരുവരും വാക്കേറ്റത്തിലാവുകയും ആണ്‍കുട്ടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് വീട്ടിലെത്തിച്ചപ്പോഴാണ് എങ്ങും കേള്‍ക്കാത്ത നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ആണ്‍കുട്ടിയുടെ ബന്ധുക്കളും അയല്‍ക്കാരും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തി. ആണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് അറിഞ്ഞിട്ടും ആ വിവരം മറച്ചുവച്ചു എന്ന് ആരോപിച്ച് പെണ്‍കുട്ടിയെയും മാതാവിനെയും സംഘം ആക്രമിക്കുകയായിരുന്നു.
ആത്മഹത്യക്ക് മുമ്ബായി ആണ്‍കുട്ടി ചിത്രങ്ങള്‍ അയച്ചു നല്‍കിയിരുന്നുവെന്നും എന്നാല്‍ ഈ വിവരം പെണ്‍കുട്ടി ബന്ധുക്കളെ അറിയിക്കാനോ രക്ഷിക്കാനോ ശ്രമിച്ചില്ല എന്നും ആരോപിച്ചായിരുന്നു ആക്രമണം.
ജനക്കൂട്ടം പെണ്‍കുട്ടിയെ വലിച്ചിഴച്ച് മൃതദേഹത്തിനു സമീപം എത്തിച്ചു. മൃതദേഹത്തിന്റെ വിരലില്‍ സിന്ദൂരം തേച്ചശേഷം വിവാഹച്ചടങ്ങുകളില്‍ എന്നോണം പെണ്‍കുട്ടിയുടെ നെറ്റിയില്‍ ചാര്‍ത്തിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്കി. പ്രായപൂര്‍ത്തിയാകാത്ത മകളെ ശാരീരികമായി ഉപദ്രവിച്ചതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് പോലീസ് വ്യക്തമാക്കി