സംസ്ഥാനത്ത് അഭിഭാഷകരേയും അവരുടെ ക്ലര്‍ക്കുമാരെയും വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. നിലവില്‍ ഹൈക്കോടതിയുടെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നത് ഫലപ്രദമല്ലെന്ന് കോടതി നിരീക്ഷിച്ചു.
അഭിഭാഷകരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മുന്‍ഗണന പട്ടിക പുതുക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പത്ത് ദിവസത്തിനകം നടപടികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസ് വരെയുള്ളവരുടെ മുന്‍ഗണനാ പട്ടികയില്‍ 11 വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ബാങ്ക് ജീവനക്കാരും മെഡിക്കല്‍ റെപ്രസന്റേറ്റീവുമാരും ഉള്‍പ്പെടെയുള്ളവരെയാണ്
സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഹജ്ജ് തീര്‍ഥാടകര്‍, കിടപ്പ് രോഗികള്‍, പൊലീസ് ട്രെയിനി, പുറത്ത് ജോലി ചെയ്യുന്ന സന്നദ്ധ സേവകര്‍, മെട്രോ റെയില്‍ ജീവനക്കാര്‍, എയര്‍ ഇന്ത്യ ഫീല്‍ വര്‍ക്കേഴ്‌സ്
തുടങ്ങിയവരാണ് പുതിയ പട്ടികയിലുള്ളത്. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിലുള്ള 32 വിഭാഗക്കാര്‍ക്ക് പുറമെയാണിത്. കൂടാതെ ആദിവാസി മേഖലകളിലുള്ള 18 വയസിന് മുകളിലുള്ള എല്ലാവരെയും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.