ബാബാ രാംദേവിന്റെ കമ്ബനിയായ പതഞ്ജലിയുടെ കടുക് എണ്ണ നിലവാരമില്ലാത്തതാണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. സിംഗാനിയ ഓയില്‍ മില്ലില്‍ നിന്ന് പതഞ്ജലിക്ക് വിതരണം ചെയ്ത കടുക് എണ്ണയുടെ അഞ്ച് സാമ്ബിളുകള്‍
പരിശോധിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ച് സാമ്ബിളുകളും പരിശോധനയില്‍ പരാജയപ്പെട്ടെന്നും, എണ്ണക്ക് ആവശ്യമായ ഗുണനിലവാരമില്ലെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ പറഞ്ഞു.
മെയ് 27ന് അധികൃതരുടെ സാന്നിധ്യത്തിലാണ് കടുക് എണ്ണ പരിശോധിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഓംപ്രകാശ് മീന പറഞ്ഞു. പതഞ്ജലിയുടെ കടുക് എണ്ണ പാക്കും, കുപ്പിയും നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളാണ്.
ശ്രീ ശ്രീ തത്വ ബ്രാന്‍ഡിന്റെ കടുക് എണ്ണക്കും ഇതേ ഫലമാണ് ലാബ് പരിശോധനയില്‍ ലഭിച്ചത് -ഓംപ്രകാശ് മീന അറിയിച്ചു. എന്നാല്‍, രാജസ്ഥാന്‍ സര്‍ക്കാറിന്റെ പരിശോധന റിപ്പോര്‍ട്ടിനോട്
പതഞ്ജലി പ്രതികരിച്ചിട്ടില്ല. രണ്ടാഴ്ച മുമ്ബ്, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിര്‍ദേശപ്രകാരം അല്‍വാര്‍ കലക്ടറേറ്റ് അധികൃതര്‍ സിംഗാനിയ ഓയില്‍ മില്ലില്‍ റെയ്ഡ് നടത്തിയെന്ന്
റിപ്പോര്‍ട്ടുണ്ടായിരുന്നു. വലിയ അളവില്‍ പതഞ്ജലി ഉല്‍പന്നങ്ങല്‍ കണ്ടെടുക്കുകയും മില്ല് സീല്‍ ചെയ്യുകയും ചെയ്തിരുന്നു.