Breaking News

ക്യൂബയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അമേരിക്ക’; ക്യൂബൻ ജനതയ്ക്കും സര്‍ക്കാരിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം

അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച മാരക പ്രശ്‌നങ്ങളാണ് ക്യൂബ ഇന്ന് നേരിടുന്നതെന്ന് സിപിഐഎം. പ്രതിഷേധക്കാരെ പിന്തുണച്ച്, തങ്ങളുടെ ഉപരോധവും മഹാമാരിയും വഴി ക്യൂബയിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളില്‍നിന്ന് മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്.

ഈ വിഷയത്തില്‍ ക്യൂബന്‍ സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും സിപിഐഎം വ്യക്തമാക്കി.

സിപിഐഎം പ്രസ്താവന ഇങ്ങനെ

അറുപത് വര്‍ഷത്തിലേറെയായി ക്യൂബയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ മനുഷ്യത്വഹീനവും കുറ്റകരവുമായ ഉപരോധം അമേരിക്ക പിന്‍വലിക്കണം. അമേരിക്കയുടെ സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്‌നങ്ങളാണ് ക്യൂബ നേരിടുന്നത്. ഈ സാഹചര്യത്തില്‍ ഒരുവിഭാഗം തെരുവില്‍ പ്രതിഷേധിക്കുന്നു. ക്യൂബന്‍ സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ടിയും പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയാണ്.

പ്രതിഷേധക്കാരെ പിന്തുണച്ച്, തങ്ങളുടെ ഉപരോധവും മഹാമാരിയും വഴി ക്യൂബയിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളില്‍നിന്ന് മുതലെടുപ്പ് നടത്താനാണ് അമേരിക്ക ശ്രമിക്കുന്നത്. സോഷ്യലിസ്റ്റ് ക്യൂബയെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം.

ക്യൂബന്‍ സര്‍ക്കാരിനെതിരെ ജനങ്ങളെ ഇളക്കിവിടാന്‍ സാമൂഹ്യ മാധ്യമങ്ങളെ അമേരിക്ക ഉപയോഗിക്കുന്നു. ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നത് അപലപനീയമാണ്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന് ക്യൂബയെ അന്യായമായി വിശേഷിപ്പിച്ച് ഉപരോധനടപടി അമേരിക്ക ശക്തിപ്പെടുത്തുകയാണ്. ട്രംപ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 243 അധിക ഉപരോധം തുടരുകയാണ്.

ഇതുകാരണം മരുന്നും വാക്‌സിനും ജീവന്‍രക്ഷാ ഉപകരണങ്ങളും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍, ഭക്ഷണം എന്നിവ ഇറക്കുമതി ചെയ്യാന്‍ ക്യൂബയ്ക്ക് കഴിയുന്നില്ല. ഇതെല്ലാമായിട്ടും ക്യൂബ വാക്‌സിനുകള്‍ വികസിപ്പിച്ച് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ലോകത്തെ സഹായിക്കുന്നു.

ക്യൂബന്‍ ജനതയോടും സര്‍ക്കാരിനോടും പാര്‍ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സ്വന്തം മാതൃരാജ്യവും പരമാധികാരവും സോഷ്യലിസവും സംരക്ഷിക്കാന്‍ പൊരുതുന്ന ക്യൂബന്‍ ജനതയ്ക്കും സര്‍ക്കാരിനുമൊപ്പം നിലകൊള്ളാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു.

 

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …