മഹാമാരിയും അതിനെ തുടർന്നുള്ള സ്കൂൾ അടച്ചുപൂട്ടലുമൊക്കെ കാരണം കഴിഞ്ഞ വർഷം വിദ്യാർത്ഥികൾക്കിടയിൽ പഠന കാര്യത്തിൽ വലിയ മാന്ദ്യം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അസിം പ്രേംജി ഫൗണ്ടേഷൻ അഞ്ച് സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന്
ശേഷം മധ്യപ്രദേശ് സർക്കാരിന്റെ രാജ്യശിക്ഷ കേന്ദ്രത്തിന്റെ കണ്ടെത്തലുകളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നതാണ്. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾക്കായി ഒരു പ്രത്യേക കോഴ്സ് തന്നെയാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 1 മുതൽ, മൂന്ന് ഭാഗങ്ങളായി വിഭജിച്ചാണ് കോഴ്സ് നടത്തുക. ഇത് പ്രകാരമുള്ള അടിസ്ഥാന പഠന മൊഡ്യൂൾ നാല് മാസത്തേയ്ക്കാണ് തയ്യാറാക്കിയിരിക്കുന്നത്. അതുവഴി വിദ്യാർത്ഥികളെ ഉയർന്ന ഗ്രേഡിലേക്ക് ഉയർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
എല്ലാ ക്ലാസുകൾക്കും ഈ കോഴ്സ് ലഭ്യമാണ്. കോവിഡിനെ തുടർന്ന് സ്കൂളുകൾ അടച്ചുപൂട്ടാൻ നിർബന്ധിതമായതോടെ സംസ്ഥാന സർക്കാർ കോഴ്‌സ് മെറ്റീരിയലുകൾ ഓൺലൈനിലും ടിവി, റേഡിയോ പ്രക്ഷേപണങ്ങളിലും ലഭ്യമാക്കിയിരുന്നു.
എന്നിരുന്നാലും, വ്യക്തിഗത അധ്യാപനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ അപര്യാപ്തമാണ്. 2021 ജനുവരിയിൽ ഒരു അസിം പ്രേംജി ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ വിദ്യാർത്ഥികളുടെ മുൻ ക്ലാസുകളിൽ അവരുടെ അടിസ്ഥാന കഴിവുകൾ
വിലയിരുത്തിയിരുന്നു. ഫെബ്രുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് 92 ശതമാനം കുട്ടികളും പഠനത്തിൽ പ്രത്യേകിച്ച് ഭാഷാ പഠനത്തിൽ പിന്നോക്കം പോയിട്ടുണ്ടെന്നും
വ്യക്തമാക്കി. ഗണിതശാസ്ത്രത്തിൽ പല വിദ്യാർത്ഥികളും 82% പിന്നാക്കം പോയെന്നും ഈ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.