കേരളത്തിലെ കോൺഗ്രസിന് ജില്ലാ തലത്തിൽ പുതിയ നേതൃത്വം വരുന്നതിൽ അടുത്ത കാലത്തെപ്പോഴെങ്കിലും തീരുമാനമുണ്ടാകുമോ? കെപിസിസി, ഡിസിസി പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദില്ലിയിൽ കെപിസിസി നേതാക്കൾ എംപി രാഹുൽ
ഗാന്ധിയെ കാണുകയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമാണ് കൂടിക്കാഴ്ചയ്ക്കായി ദില്ലിയിൽ എത്തിയിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്,
ടി സിദ്ദിഖ് എന്നിവരും രാഹുലുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. 14 ഡിസിസി കളിലും ഗ്രൂപ്പ് നോക്കാതെ പ്രവർത്തനമികവ് കണക്കിലെടുത്ത് മാത്രമായിരിക്കും അദ്ധ്യക്ഷന്മാരെ തീരുമാനിക്കുക എന്നാണ്
നേതാക്കൾ നൽകുന്ന സൂചന. ഈ മാസം അവസാനം പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇന്നലെ കെ സുധാകരന്റെ ദില്ലിയിലെ വസതിയിൽ വി ഡി സതീശനും
വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും പി ടി തോമസും ടി സിദ്ദിഖും യോഗം ചേർന്നിരുന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അൻവറുമായും എ കെ ആന്റണി, കെ സി വേണുഗോപാൽ എന്നിവരുമായും നേതാക്കൾ ചർച്ച നടത്തുന്നുണ്ട്.