കേരളത്തില്‍ നിപ രോഗം സ്ഥിരീകരിക്കുകയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെ വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റുകളുമായി യാത്ര ചെയ്യുന്നവരെ മുമ്ബ് പിടികൂടുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയുമായി കര്‍ണാടക. ബാവലി, കുട്ട ചെക്ക്പോസ്റ്റുകളില്‍ ഇതിനായി പ്രത്യേക പൊലീസിനെ നിയോഗിച്ചതായി എച്ച്.ഡി കോട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ആനന്ദ് പറഞ്ഞു.
വിവിധ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കര്‍ണാടക പൊലീസ് സര്‍ട്ടിഫിക്കറ്റുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പരിശോധനയില്‍ വ്യാജമാണെന്ന് കണ്ടെത്തുന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
ഇതിനകം ഇത്തരത്തില്‍ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിന്‍ ആപ്പിന് പുറമെ പ്രത്യേക മൊബൈല്‍ ആപ് ഇതിനായി തയാറാക്കി. കേരളത്തില്നിന്നടക്കം വ്യാജ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റുകളുമായി കര്‍ണാടകയിലേക്ക് എത്തിയവരെ പിടികൂടിയ സാഹചര്യത്തിലാണ് കര്‍ണാടക പൊലീസ് നടപടി കര്‍ശനമാക്കുന്നത്.
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൈസൂരു, കുടക് ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കി. അതിര്‍ത്തി കടന്നെത്തുന്നവരെ നിപ പരിശോധനകൂടി നടത്തുന്നുണ്ട്. മടിക്കേരിയില്‍ ഇതിന്റെ ഭാഗമായി ഏഴ് കിടക്കകളുള്ള ആശുപത്രിയും സജ്ജമാക്കിയിട്ടുണ്ട്.