രുചികരവും വിലക്കുറവുമായതിനാല്‍ കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളില്‍ ഉച്ചയൂണിന് ആവശ്യക്കാര്‍ കൂടുന്നു. പതിനൊന്ന് മണിയാകുമ്ബോഴേക്കും ഹോട്ടല്‍ കൗണ്ടറുകളില്‍ പാഴ്സലിനായി ആളുകള്‍ എത്തിതുടങ്ങും. നഗരസഭയില്‍ മൂന്നിടത്താണ് ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ ബസ് സ്റ്റാന്‍ഡ്, കൊല്ലം ആനക്കുളം, വൈദ്യരങ്ങാടി എന്നിവിടങ്ങളിലാണ്.
ദിവസം ആയിരത്തി അഞ്ഞൂറോളം പാഴ്സല്‍ ഉള്‍പ്പെടെ വില്‍ക്കുന്നതായി നോര്‍ത്ത് സി.ഡി.എസ് ചെയര്‍ പേഴ്സണ്‍ ഇന്ദുലേഖ പറഞ്ഞു. ആക്രി കച്ചവടക്കാര്‍, വിദ്യാര്‍ത്ഥികള്‍, പോട്ടര്‍മാര്‍, ബസ് ജീവനക്കാര്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നത്. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിലെ ഹോട്ടലിലാണ് വലിയ തിരക്ക്. ഇവിടെ 800ലധികം ആളുകള്‍ സ്ഥിരമായി എത്താറുണ്ടെന്ന് പ്രസിഡന്റ് പ്രേമ പറഞ്ഞു.
പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെ ഏഴ് അംഗ സമിതിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. സ്പെഷ്യല്‍ ഐറ്റങ്ങളായ മീന്‍ വറുത്തത്, ചിക്കന്‍ കറി, ഓംലറ്റ് എന്നിവയ്ക് സാധാരണ ഹോട്ടലുകളില്‍ ഈടാക്കുന്നതിന്റെ പകുതി മാത്രമാണ് ഇവിടെ വില. ഇത്രയും കാലത്തിനിടയ്ക്ക് ഭക്ഷണത്തെ
കുറിച്ചോ മറ്റ് കാര്യങ്ങളെ കുറിച്ചോ ജനങ്ങളില്‍ നിന്ന് ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും സെക്രട്ടറി ശാന്ത പറഞ്ഞു. കാലത്ത് വീട്ടില്‍ നിന്നിറങ്ങുന്നതിനാല്‍ വീട്ടുജോലിയില്‍ കുടുംബത്തിന്റെ സഹകരണം ലഭിക്കുന്നതായും ജീവനക്കാര്‍ പറഞ്ഞു. കുടുംബശ്രീയുടെ മറ്റ് പല സംരംഭങ്ങളും പാതിവഴിയില്‍ നിലയ്ക്കുകയോ ജീവനക്കാര്‍ കൊഴിഞ്ഞു
പോകുകയോ ചെയ്യുമ്ബോള്‍ ഹോട്ടല്‍ മേഖലയില്‍ അതൊന്നും സംഭവിക്കുന്നിലെന്ന് അവര്‍ പറഞ്ഞു. മൂന്ന് ജനകീയ ഹോട്ടലുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും നാലാമതൊന്ന് കൂടി നഗര ഹൃദയത്തില്‍ തുടങ്ങുമെന്നും നഗരസഭാ വൈസ് ചെയര്മാന് അഡ്വ. കെ. സത്യന് പറഞ്ഞു. സ്ത്രീ ശക്തീകരണത്തിന്റെ പുതു ചരിത്രവുമായി മുന്നേറുകയാണ് ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാര്‍.