ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ വിശ്വാസി വോട്ടുകള്‍ നേടാന്‍ പുതിയ തന്ത്രവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്. ആം ആദ്മി അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ക്ക് അയോധ്യ രാമക്ഷേത്രത്തിലേക്കും മുസ്ലിംകള്ക്ക് അജ്മീര്‍ ഷെരീഫിലേക്കും ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണിയിലേക്കും സൗജന്യ തീര്‍ഥാടനമാണ് കെജ്രിവാളിന്റെ വാഗ്ദാനം.
‘ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അയോധ്യയിലേക്ക് സൗജന്യ തീര്‍ഥാടനം അനുവദിക്കുകയും ശ്രീരാമനെ ദര്‍ശിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി സൗജന്യ തീര്‍ഥാടനം ഒരുക്കും. മുസ്ലിംകള്ക്ക് അജ്മീര്‍ ഷെരീഫിലേക്കും സൗജന്യ തീര്‍ഥാടന സൗകര്യമൊരുക്കും’, കെജ്രിവാള് പറഞ്ഞു. ‘ഗോവയില്‍ നിരവധി പേര്‍ ഷിര്‍ദിയില്‍ വിശ്വാസിക്കുന്നവരാണെന്ന് പറഞ്ഞിരുന്നു.
അവര്‍ക്കായി സായ് ബാബയുടെ ഷിര്‍ദിയിലേക്ക് സൗജന്യ തീര്‍ഥാടനം ഉറപ്പാക്കും. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയപ്പോള്‍ 35,000 ത്തോളം പേര്‍ക്ക് അതിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്’, കെജ്രിവാള് വ്യക്തമാക്കി. ‘അടുത്തിടെ ഞാന്‍ അയോധ്യയും രാമക്ഷേത്രവും സന്ദര്‍ശിച്ചു. അവിടെ രാമഭഗവാനെ ദര്‍ശിച്ചതിന് ശേഷം ലഭിച്ച സംതൃപ്തി എല്ലാവരും അനുഭവിക്കേണ്ടതാണ്’, കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.