ലോകകപ്പ് സെമിഫൈനലിലെ പാകിസ്ഥാന്റെ തോല്‍വി അവരുടെ ആരാധകര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. മത്സരത്തിന്റെ നിര്‍ണായക നിമിഷത്തില്‍ മാത്യു വെയ്ഡിന്റെ ക്യാച്ച് പാഴാക്കിയ പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലിയെയാണ് ടീമിന്റെ തോല്‍വിക്ക് കാരണമായി ആരാധകര്‍ കുരിശിലേറ്റുന്നത്.
അതിന് കാരണം എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറായ ഹസന്‍ അലിയുടെ ഭാര്യ സാമിയ അര്‍സൂവാണ്. സാമിയ ഇന്ത്യക്കാരിയാണെന്നതാണ് പാകിസ്ഥാന്‍ ആരാധകരെ ഇത്രയേറെ ദേഷ്യം പിടിപ്പിക്കുന്നത്. 2019-ല്‍ ദുബായില്‍ വച്ചാണ് ഹസന്‍ അലി സാമിയയെ വിവാഹം കഴിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ ക്യാച്ച് വിട്ടുകളയാന്‍ ഹസന്‍ അലിയുടെ അക്കൗണ്ടില്‍ നേരത്തെ തന്നെ ഇന്ത്യയില്‍ നിന്നും പണം എത്തിയിരുന്നെന്നാണ് പാകിസ്ഥാന്‍ ആരാധകരുടെ പ്രധാന ആരോപണം.
രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ ഇതിനെകുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനെതുടര്‍ന്ന് സാമിയയ്ക്കെതിരെ വന്‍ തോതിലുള്ള ഭീഷണികളാണ് ട്വിറ്ററില്‍ ഉയരുന്നത്. ഹസന്‍ അലിയുടെ ഭാര്യയെ ബലാത്സംഗം ചെയ്യണമെന്നും അവരെ ജീവിക്കാന്‍ അനുവദിക്കരുതെന്നും ട്വിറ്ററില്‍ ഭീഷണി മുഴക്കുന്നുണ്ട്. ഇതിനു പുറമേ സാമിയയുടെ ഫോണില്‍ വധഭീഷണി ഉള്‍പ്പെടെയുള്ള സന്ദേശങ്ങളും തുടര്‍ച്ചയായി ലഭിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലെ ചന്ദേനി സ്വദേശിയാണ് സാമിയ. ഹരിയാന സര്‍ക്കാരിന് കീഴില്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായിരുന്നു സാമിയയുടെ അച്ഛന്‍. അതിനാല്‍ തന്നെ സാമിയ ജനിച്ചതും വളര്‍ന്നതുമെല്ലാം ഹരിയാനയില്‍ തന്നെയാണ്. പഠനത്തിനു ശേഷം ഫ്ലൈറ്റ് എന്‍ജിനീയറായി ജോലി ലഭിച്ച സാമിയ ഒരു സുഹൃത്ത് വഴിയാണ് ഹസന്‍ അലിയെ പരിചയപ്പെടുന്നത്. തമ്മില്‍ പരിചയപ്പെട്ട് ഒരു വര്‍ഷത്തിനു ശേഷം ഇരുവരും തമ്മില്‍ വിവാഹിതരായി.