വൈദ്യുതി ബില്‍ തുകയില്‍ വര്‍ദ്ധനവ് വരുമ്ബോള്‍ നമ്മളില്‍ പലര്‍ക്കും തുകയില്‍ സംശയമുണ്ടാകാറുണ്ട്. ഇത്രത്തോളം തുക വരുമോ? വൈദ്യുതി മീറ്റര്‍ തെറ്റായി കാണിച്ചതാണോ ? കേടാണോ ?എന്നിങ്ങനെ പലവിധ ചോദ്യങ്ങള്‍ ഉയര്‍ന്നുവരാറുള്ളത് പതിവാണ്. വീടുകള്‍ അടഞ്ഞു കിടക്കുന്ന സമയങ്ങളിലാണ് മീറ്റര്‍ റീഡ് ചെയ്യുന്നതിനായി ഉദ്യോഗസ്ഥന്‍ എത്തുന്നതെങ്കില്‍ മുന്‍പത്തെ ബില്‍ തുകയ്ക്ക്
ആനുപാതികമായി ആണ് തുക കണക്കാക്കുന്നത്. ഇത്തരം അവസരങ്ങളിലും ബില്‍ തുക സംബന്ധിച്ച് സംശയങ്ങള്‍ ഉണ്ടാകാം. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പുതിയ സേവനം ഒരുക്കിയിരിക്കുകയാണ് സംസ്ഥാനവൈദ്യുതി ബോര്‍ഡ്. www.kseb.in എന്ന വെബ്സൈറ്റിലെ ഇലക്‌ട്രിസിറ്റി ബില്‍ കാല്‍കുലേറ്റര്‍ എന്ന സൗകര്യം ഉപയോഗപ്പെടുത്തി ബില്‍ തുക സ്വയം കണക്കാക്കാം. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വൈദ്യുതി ബില്‍ സംബന്ധിച്ച് സംശയമുണ്ടോ? കെ എസ് ഇ ബിയുടെ വെബ്സൈറ്റായ www.kseb.in ലെ Electricity Bill Calculator എന്ന സൗകര്യം ഉപയോഗപ്പെടുത്തി വൈദ്യുതി ബില്‍ തുക സ്വയം കണക്കാക്കി ബോധ്യപ്പെടാം. www.kseb.in/bill_calculator_v14/ ലൂടെ നേരിട്ടും ഇവിടേക്കെത്താം. വൈദ്യുതി താരിഫും, ആകെ ഉപഭോഗവും രേഖപ്പെടുത്തി തികച്ചും അനായാസമായി വൈദ്യുതി ബില്‍ തുക കണക്കാക്കാം. വൈദ്യുതി ചാര്‍ജ് എങ്ങനെ കണക്കാക്കി എന്ന് വിശദമായി അറിയാനും കഴിയും.
#KSEBCustomercare