വിമാനങ്ങളിലെ എയര്‍ഹോസ്റ്റസിന്‍റെ മാതൃകയില്‍ ട്രെയിന്‍ ഹോസ്റ്റസ് സംവിധാനം കൂടുതല്‍ ട്രെയിനുകളിലേക്ക് വിപുലമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ പ്രീമിയം സര്‍വീസുകളില്‍ മുഴുവന്‍ ട്രെയിന്‍ ഹോസ്റ്റസുമാരെ നിയമിക്കാനാണ് റെയില്‍വേയുടെ നീക്കം. വന്ദേഭാരത്, ഗതിമാന്‍, തേജസ് എക്സ്പ്രസ് പോലുള്ള ട്രെയിനുകളില്‍ ഇനി മുതല്‍ ഹോസ്റ്റസുമാരുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിവരം.
അതെ സമയം , ദീര്‍ഘദൂരത്തേക്ക് സഞ്ചരിക്കുന്ന രാജധാനി, ദുരന്തോ എക്സ്പ്രസുകളില്‍ ട്രെയിന്‍ ഹോസ്റ്റസുമാര്‍ ഉണ്ടാവില്ല. പ്രമുഖ ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആതിഥേയ സല്‍ക്കാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ ഇതിനായി നിയമിക്കുമെന്ന് റെയില്‍വേയിലെ ഉന്നത ഉദ്യേഗസ്ഥന്‍ പ്രതികരിച്ചു.
യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുക ,അവരുടെ പരാതികള്‍ പരിഹരിക്കുക എന്നതായിരിക്കും ഇവരുടെ പ്രധാന ചുമതല. റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് പുതിയ സംവിധാനങ്ങള്‍. പകല്‍ സമയങ്ങളില്‍ സര്‍വീസ് നടത്തുന്ന തീവണ്ടികളില്‍ മാത്രമാകും ആദ്യഘട്ടത്തില്‍ ട്രെയിന്‍ ഹോസ്റ്റസ് ഉണ്ടാവുക. നിലവില്‍ 25 പ്രീമിയം സര്‍വീസുകളാണ് റെയില്‍വേ നടത്തുന്നത്.