ചൊവ്വാഴ്ചയാണ് ആള്‍ താമസമുള്ള വീട്ടില്‍ നിന്നും എഴുപതുകാരന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം താമസിക്കുന്ന കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റാസിഖി(70)ന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിലെ മുറിയില്‍ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ രണ്ട് ദിവസമായി റാസിഖിന് ഭക്ഷണം കിട്ടിയില്ലെന്ന് വ്യക്തമാവുകയായിരുന്നു.
വയര്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും പിത്തഗ്രന്ധി മുഴുവനായി വികസിച്ചെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദിവസങ്ങളായി അബ്ദുള്‍ റാസിഖിന് ഭക്ഷണമോ വെള്ളമോ കൊടുത്തിട്ടില്ലെന്നാണ് വീട്ടിലുണ്ടായിരുന്ന ഭാര്യയും മകളും പൊലീസിന് നല്‍കിയ മൊഴി. മുറിയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് കൊണ്ട് മരിച്ചത് അറിഞ്ഞില്ലെന്നും അസുഖബാധിതനായിരുന്നു എന്നുമാണ് വീട്ടുകാര്‍ പറഞ്ഞത്.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കിടപ്പിലാകാന്‍ തക്ക അസുഖങ്ങളൊന്നും ഇയാള്‍ക്കില്ലെന്ന് വ്യക്തമായി. ഭാര്യയെയും മകളെയും വീണ്ടും ചോദ്യം ചെയ്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ പൊലീസ് അറിയിച്ചു. നിലവില്‍ അസ്വാഭാവിക മരണത്തിലാണ് കേസെങ്കിലും മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ഉള്‍പെടുത്തണോ എന്ന് പരിശോധിച്ച് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.