എഴുപത് വയസ്സുള്ള വൃദ്ധനെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച സംഭവത്തിൽ മുപ്പത്തിയൊമ്പതുകാരനെതിരെ കേസ്. യുഎസ് സംസ്ഥാനമായ ഐഡഹോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തലച്ചോറിന് മനുഷ്യമാംസം നല്ലതാണെന്ന് വാദിച്ചാണ് ഇയാൾ ക്രൂരമായ പ്രവർത്തി ചെയ്തതെന്ന് പൊലീസ് പറയുന്നു. ജെയിംസ് ഡേവിഡ് റസ്സൽ എന്നയാൾക്കെതിരെയാണ് നരഭോജനത്തിന് കേസെടുത്തത്.
ഐഡഹോയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ നരഭോജന കേസാണിതെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ ആറിനാണ് ഡേവിഡ് ഫ്ലാഗറ്റ് (70) എന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ റസ്സൽ അറസ്റ്റിലാകുന്നത്. റസ്സലിന്റെ വീടിന് പുറത്ത് പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും ഫ്ലാഗറ്റിന്റെ ശരീരഭാഗങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. മൃതദേഹത്തിന്റെ കൈകൾ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച നിലയിലായിരുന്നു.
ചില ശരീരഭാഗങ്ങളും മൃതദേഹത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. പൊലീസ് റസ്സലിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ മൃതദേഹം തന്റെ സ്വകാര്യ സ്വത്താണെന്നും കുടുംബത്തിന് പുറത്തു നിന്നുള്ളവർ ഇതിൽ ഇടപെടരുതെന്നുമായിരുന്നു ഇയാൾ പറഞ്ഞത്. രക്തം പുരണ്ട മൈക്രോ വേവും പാത്രവും ബാഗും കത്തിയും പൊലീസ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി.
ക്രൂരമായ കൊലപാതകം മാത്രമല്ല ഇതെന്നും പ്രതിയുടെ മാനസിക നിലയും പ്രധാനപ്പെട്ടതാണെന്നാണ് പൊലീസ് പറയുന്നത്. സാധാരണ കൊലപാതക സ്ഥലത്തിൽ നിന്നും വ്യത്യസ്തമായി ദൂരൂഹമായതും പരിചയമില്ലാത്തതുമായ സാഹചര്യമായിരുന്നു പ്രതിയുടെ വീട്ടിൽ ഉണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
മനുഷ്യ മാംസം ഭക്ഷിച്ചാൽ സ്വന്തം തലച്ചോറിന് അടക്കമുള്ള ശരീരത്തിന് ഇത് ഗുണകരമാണെന്നാണ് പ്രതി വിശ്വസിച്ചിരുന്നത്. ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയ മാംസം കൊല്ലപ്പെട്ടയാളുടേതാണെന്ന് പരിശോധനയിൽ വ്യക്തമായി.