ഐഎസ്എല്ലില്‍ ജൈത്രയാത്ര തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങും. പന്ത്രണ്ടാം റൗണ്ടിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയാണ് എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ തകർത്തിരുന്നു.
ഇതേസമയം ആശങ്കയുണർത്തി കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ടീം ഒഫീഷ്യൽസിൽ ഒരാൾക്കാണ് കൊവിഡ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ടീം പരിശീലനം ഉപേക്ഷിച്ചു. താരങ്ങൾക്കോ പരിശീലകർക്കോ കൊവിഡ് ബാധയില്ല. ടീം ഇന്നും പരിശീലനം നടത്തിയേക്കില്ലെന്നാണ് സൂചന. നിരവധി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഒഡിഷയുമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം.
അഡ്രിയൻ ലൂണ, അൽവരോ വാസ്ക്വേസ്, സഹൽ അബ്ദുൽ സമദ് കൂട്ടുകെട്ടിന്‍റെ മികവിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റം. സീസണിൽ ബ്ലാസ്റ്റേഴ്സ് പതിനെട്ട് ഗോൾ നേടിയപ്പോൾ മുംബൈ ഇരുപത്തിരണ്ട് ഗോളാണ് സ്കോർ ചെയ്തത്. മുംബൈ ഇരുപത് ഗോൾ വഴങ്ങിയപ്പോൾ ഈ സീസണിൽ ഏറ്റവും ഉറച്ച പ്രതിരോധ നിരയുള്ള ബ്ലാസ്റ്റേഴ്സ് പത്ത് ഗോൾ മാത്രമാണ് വഴങ്ങിയത്. ഏറ്റവും കുറച്ച് ഗോൾ വഴങ്ങിയ ടീമും ബ്ലാസ്റ്റേഴ്സാണ്.