പെണ്ണുകാണാൻ വന്നവരുടെ അശ്രദ്ധമായ പെരുമാറ്റം കാരണം നാദാപുരത്തെ ഡിഗ്രി വിദ്യാർത്ഥിനിയുടെ വീട്ടിൽ സംഘർഷം. പെണ്ണുകാണലിനെത്തിയ യുവാവിന്റെ കുടുംബം വീട്ടിനുള്ളിലെ മുറിയിൽ കയറി മണിക്കൂറുകൾ നീണ്ട ‘ഇന്റർവ്യൂ’ നടത്തി പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചതായി പരാതി. ഒടുവിൽ മാനസികമായി തളർന്ന്, അവശയായ യുവതിക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു.
ഇതോടെ യുവതിയുടെ ബന്ധുക്കൾക്ക് സമനില തെറ്റുകയും സംഘത്തിലെ പുരുഷന്മാരെയടക്കം ബന്ദിയാക്കുകയുമായിരുന്നു. അവരുടെ വാഹനവും തടഞ്ഞുവെച്ചു. വാണിമേൽ ഭൂമിവാതുക്കൽ അങ്ങാടിക്കടുത്ത് വെള്ളിയാഴ്ചയാണ് സംഭവം. വിലാതപുരത്തുനിന്നുള്ള യുവാവിന്റെ ബന്ധുക്കളാണ് വാണിമേലിൽ പെണ്ണ് കാണാനെത്തിയത്. യുവാവ് ഖത്തറിലാണ്.
രണ്ടുദിവസം മുമ്പ് കല്യാണച്ചെക്കനും സഹോദരനും സഹോദരിയും വീട്ടിലെത്തി പെൺകുട്ടിയെ കണ്ടിരുന്നു. ഇവർക്ക് പെണ്ണിനെ ഇഷ്ടമായതിനെത്തുടർന്നാണ് വെള്ളിയാഴ്ച ഇരുപത്തഞ്ചോളം സ്ത്രീകളടങ്ങുന്ന സംഘം വാണിമേലിലെ വീട്ടിലെത്തിയത്. സ്ത്രീകൾ ഒന്നിച്ച് യുവതിയുമായി സംസാരിക്കാനായി മുറിയിൽ കയറുകയായിരുന്നു.
ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കതകടച്ചാണ് ഒരു മണിക്കൂറിലധികം ‘പെണ്ണുകണ്ടത്’. തുടർന്ന് വീട്ടിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ചു പിരിയാനിറങ്ങവെ കല്യാണച്ചെക്കന്റെ അടുത്ത ബന്ധുക്കൾ ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞതോടെയാണ് പെൺവീട്ടുകാർക്ക് അരിശം വന്നത്.
യുവാവിന്റെ ബന്ധുക്കളുടെ നിലപാടും മകളുടെ അവസ്ഥയും കണ്ടതോടെ ഗൃഹനാഥൻ സംഘത്തിലുള്ളവർക്കെതിരേ രംഗത്തെത്തി. ആരെയും പുറത്തുവിടില്ലെന്ന് പറഞ്ഞ അദ്ദേഹം വീടിന്റെ ഗേറ്റടച്ചു. ഇതോടെ സ്ത്രീകൾ ഉൾപ്പടെയുള്ളവർ ഭയപ്പെട്ടതോടെ നാട്ടുകാരുടെ അഭിപ്രായം പരിഗണിച്ച് സ്ത്രീകളെ വിട്ടയച്ചു.
ഒപ്പമുണ്ടായിരുന്നു രണ്ടു പുരുഷൻമാരെ രണ്ടു മണിക്കൂറോളം വീട്ടിൽ ബന്ദിയാക്കി. സംഘമെത്തിയ കാറുകളിൽ ഒന്ന് വിട്ടുകൊടുത്തതുമില്ല. പ്രശ്‌നപരിഹാരത്തിന് രാഷ്ട്രീയപ്പാർട്ടി നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. പെണ്ണുകാണൽ ചടങ്ങിന്റെ പേരിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന ഉദ്ദേശ്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടി വന്നതെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ വിശദീകരണം. ഇദ്ദേഹവും പ്രവാസിയാണ്.