Breaking News

‘എന്നെയും ഇന്ത്യൻ ആർമിയിൽ എടുക്ക്വോ’, രക്ഷിച്ചതിന് പിന്നാലെ ബാബു ചോദിച്ചത് ഒറ്റക്കാര്യം മാത്രമെന്ന് രക്ഷാപ്രവർത്തകർ

മലമ്പുഴ ചേറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവെന്ന യുവാവിനെ രക്ഷിച്ച ഇന്ത്യൻ സേന സൂപ്പർസ്റ്റാർ പരിവേഷത്തിൽ നിൽക്കുന്നതിനിടെ രക്ഷാപ്രവർത്തകരുടെ കൂടുതൽ വെളിപ്പെടുത്തലും മനസ് നിറയ്ക്കുകയാണ്. രക്ഷിച്ചതിന് പിന്നാലെ തന്നെയും ആർമിയിൽ എടുക്കണമെന്നാണ് ബാബു പറഞ്ഞതെന്ന് കേണൽ ഹേമന്ദ് രാജ് പറയുന്നു. സ്വകാര്യ ചാനലിനോട് പ്രതികരിക്കവെയായിരുന്നു ഹേമന്ദ് രാജിന്റെ രസകരമായ വെളിപ്പെടുത്തൽ.

ബാബുവിനെ രക്ഷപ്പെടുത്തി മലക്ക് മുകളിൽ എത്തിച്ചപ്പോഴായിരുന്നു ഇക്കാര്യം തങ്ങളോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ലെഫ്.കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലാണ് സൈന്യം ബാബുവിനായുള്ള രക്ഷാപ്രവർത്തനം നടത്തിയത്. ‘എത്ര കഠിനായ അവസ്ഥയിലാണെങ്കിലും ഇന്ത്യൻ ആർമി കീ ജയ് എന്ന് വിളിക്കുമ്പോൾ ഞങ്ങൾക്ക് തന്നെ കിട്ടുന്ന ഒരു ഊർജമാണ് ഏറ്റവും പ്രധാനം. എല്ലാവർക്കും വേണ്ടിയാണ് ഞങ്ങളുടെ പ്രവർത്തനം’ ഹേമന്ദ് രാജ് പറഞ്ഞു.

കുത്തനെയുള്ള മലയടിവാരത്തിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താൻ ബംഗളൂരു, മദ്രാസ് റെജിമെന്റുകളിൽനിന്നായി സൈന്യത്തിന്റെ രണ്ട് സംഘങ്ങളാണെത്തിയിരുന്നത്. രാത്രി പത്തരയോടെയാണ് മദ്രാസ് റെജിമെന്റിലെ ലഫ്. കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള സൈനികരെത്തിയത്.

ഇവർക്കുപിന്നാലെ ബംഗളൂരുവിൽനിന്ന് ആർമി ട്രെയിനിങ് ഓഫീസർ കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിൽ 19 അംഗ സൈനികരും ദേശീയ ദുരന്തനിവാരണസേനയുടെ രണ്ടാമത്തെ സംഘവും രാത്രിയോടെത്തന്നെ ഇവർക്കൊപ്പം ചേർന്നു. തുടർന്നാണ് സംയുക്ത രക്ഷാപ്രവർത്തനം തുടങ്ങിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …