കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്ത്. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയില്‍ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. യുപിയിലും ഇതേ അരാജകത്വം പടര്‍ത്താനാണ് നീക്കമെന്ന് വിമര്‍ശിച്ച യോഗി കലാപകാരികള്‍ ഭീഷണി മുഴക്കുകയാണ്.
യുപി കേരളമാകാന്‍ താമസമുണ്ടാവില്ലെന്നും ആവര്‍ത്തിച്ചു. ഉത്തര്‍പ്രദേശില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായിട്ടായിരുന്നു യോഗിയുടെ പ്രസ്താവന. ഉത്തര്‍ പ്രദേശിലെ ആദ്യഘട്ട വോട്ടടുപ്പിന് മുന്നോടിയായും കേരളത്തിനെതിരെ യോഗി വിവാദ പ്രസ്താവന നടത്തിയിരുന്നു. വോട്ടര്‍മാര്‍ക്ക് പിഴവു സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കാശ്മീരോ, കേരളമോ, ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗിയുടെ അന്നത്തെ പ്രസ്താവന.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഭരണ, പ്രതിപക്ഷ നേതാക്കള്‍ ഇതിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. ലോകം മാതൃകയായി കാണുന്ന കേരളത്തിനൊപ്പമെത്താന്‍ യു.പിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് യോഗി ആദിത്യനാഥിനെ ഭയപ്പെടുത്തുന്നുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
വര്‍ഗീയരാഷ്ട്രീയത്തിന് വളരാനാകാത്ത വിധം മതേതരത്വവും ജനാധിപത്യവും ആധുനികമൂല്യങ്ങളും കൊണ്ടു തീര്‍ത്ത ശക്തമായ സാമൂഹികാടിത്തറയുള്ള കേരളം സംഘപരിവാറിന് അപ്രാപ്യമായ സ്ഥലമാണ്. കേരളത്തിനെതിരെ ദുഷ്പ്രചരണം നടത്തുക അവരുടെ അജന്‍ഡയാണ്. അതിന്റെ തികട്ടലാണ് കേരളത്തെക്കുറിച്ചുള്ള പരാമര്‍ശമെന്നും മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു.