കൊല്ലം ഇത്തിക്കരയാറ്റിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തി. ഇത്തിക്കര കൊച്ചുപാലത്തിന് സമീപത്ത് നിന്നാണ് അസ്ഥികൾ അടങ്ങിയ ചാക്ക് കണ്ടെത്തിയത്. പല്ല് ഉൾപ്പെടെ കീഴ്ത്താടി, കൈ കാലുകളുടെ എല്ലുകൾ, ഇടുപ്പെല്ല് തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതിനൊപ്പം മറ്റൊരു ചാക്കിൽ ചുവന്നപട്ട്, ചന്ദനത്തിരിയുടെ പീഠം, ഫ്രെയിം ചെയ്ത ഫോട്ടോയുടെ അവശിഷ്ടം, നെല്ല് തുടങ്ങിയവ ഉണ്ടായിരുന്നു.
വിവരമറിഞ്ഞ് ഇൻസ്പെക്ടർ ജസ്റ്റിൻ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. പ്രദേശവാസിയായ യുവാവിന്റെ സഹായത്തോടെ ആറ്റിൽ മുങ്ങി നടത്തിയ പരിശോധനയിൽ മറ്റ് രണ്ട് ചാക്ക് കെട്ടുകൾ കൂടി കണ്ടെത്തി. ഒരു ചാക്കിൽ ഉണ്ടായിരുന്ന സ്റ്റീൽ കലത്തിൽ മണ്ണും ധാന്യങ്ങളും നിറച്ചിരുന്നു. മറ്റൊന്നിൽ തകിടിൽ എഴുതിയ നിരവധി ന്ത്രങ്ങളും കണ്ടെത്തി.
അസ്ഥികൾ പരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനയിൽ കാലപ്പഴക്കം സ്ത്രീയോ പുരുഷനോ, പ്രായം തുടങ്ങിയവ കണ്ടെത്താൻ കഴിയും. ഇന്നലെ കൊച്ചുപാലത്തിനു സമീപം മത്സ്യ ബന്ധത്തിന് എത്തിയവരാണ് അസ്ഥികൾ കണ്ടത്. തുടർന്ന് ചാത്തന്നൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.