പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ചെന്ന പരാതിയിൽ വൻട്വിസ്റ്റ്. സ്വാമിയുടെ ലിംഗം മുറിച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസിൽ നിർണായകമായ കണ്ടെത്തലിന് പിന്നാലെ യുവതിയേയും ആൺസുഹൃത്ത് അയ്യപ്പദാസിനേയും പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി. ഇവർ ഇരുവരും ചേർന്നാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി.
ഒരുമിച്ച് ജീവിക്കാൻ സ്വാമി തടസ്സമാകുമെന്ന് കരുതിയാണ് ഗൂഢാലോചന നടത്തിയതെന്നും തെളിഞ്ഞു. 2017-ലാണ് കേസിനാസ്പദമായ സംഭവം. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിച്ചുവെന്ന് പറഞ്ഞ യുവതി പിന്നീട് കേസിൽ സ്വാമിക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പുതിയ വഴിത്തിരിവുണ്ടായത്. പരാതിക്കാരിയുടെ മുൻപത്തെ മൊഴി പ്രകാരം ആക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്വാമിയുടെ ലിംഗം മുറിച്ചെന്നായിരുന്നു പേട്ട പോലീസ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ അത്തരത്തിലല്ല കാര്യങ്ങളെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. നിയമോപദേശം ലഭിച്ചാൽ പരാതിക്കാരിയെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കും. യുവതിയും അയ്യപ്പദാസും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ യുവതിയുടെ വീട്ടിൽ വലിയ സ്വാധീനമുള്ള സ്വാമി ഇതിന് തടസ്സമാകുമെന്ന് കരുതി ഇരുവരും വർക്കലയിലും കൊല്ലത്തും വെച്ച് കൂടിക്കാഴ്ച നടത്തുകയും ഗൂഢാലോചന നടത്തുകയുമായിരുന്നു. ലിംഗം മുറിക്കുന്നതിന് മുന്നോടിയായി ഇരുവരും ഇന്റർനെറ്റിൽ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ കണ്ട് മനസ്സിലാക്കിയെന്നും തെളിഞ്ഞു.