ശിവമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷയെ കൊലപ്പെടുത്തിയ കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. ഇന്നലെ രാത്രി വരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രി പറഞ്ഞു. പന്ത്രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, അഫ്‌സിഫുള്ള ഖാന്‍, റെഹാന്‍ ഷെരീഫ്, നിഹാന്‍, അബ്ദുള്‍ അഫ്‌നാന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായ ആറ് പ്രതികളെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് ബി.എം ലക്ഷ്മി പ്രസാദ് പറഞ്ഞു. ഭാരതി നഗറില്‍ വച്ച് ഞായറാഴ്ച രാത്രിയാണ് 25 വയസുകാരനായ ഹര്‍ഷയെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ കുത്തിക്കൊലപ്പെടുത്തിയത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്നുള്ള
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് കൂടി ശിവമോഗയില്‍ നിരോധനാജ്ഞ നീട്ടുന്നതായി ഇന്നലെ അധികൃതര്‍ അറിയിച്ചിരുന്നു. പ്രദേശത്തെ സ്‌കൂളുകള്‍ രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടുമെന്നും സാഹചര്യം കണക്കിലെടുത്ത് അടുത്ത നടപടി തീരുമാനിക്കുമെന്നും ശിവമോഗ ജില്ല ഡെപ്യൂട്ടി കമ്മീഷണറായ ഡോ. സെല്‍വമണി പറഞ്ഞു. കൊലപാതകത്തെ തുടര്‍ന്ന് ജില്ലയിലെ 14 സ്ഥലങ്ങളിലായി തീവെയ്‌പ്പും
അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ മുന്ന് ആക്രമണകേസുകളില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ശിവമോഗയിലെ ക്രമസമാധാന നില ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും ഈസ്റ്റേണ്‍ റേഞ്ച് ഡി.ഐ.ജി ഡോ. കെ ത്യാഗരാജന്‍ അറിയിച്ചു. നേരത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ വിന്യസിക്കുകയും പൊതുയോഗങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു.