യുഎസിലെ പെന്‍സില്‍വാനിയയില്‍ കനത്ത മഞ്ഞില്‍ അപകടം. വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങ്യള്‍ പുറത്തുവന്നു. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ദേശീയപാതയില്‍ അറുപതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
സ്‌കുല്‍കില്‍ കൗണ്ടിയില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി റോഡ് കാണാന്‍ കഴിയാതെ കൂട്ടിയിടി ഉണ്ടായത്. മഞ്ഞുവീണ് കിടക്കുന്ന വഴിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങള്‍ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം.
കാറുകള്‍ റോഡില്‍നിന്നു തെന്നിമാറുന്നതും വമ്പന്‍ ട്രക്കുകള്‍ മറ്റ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്നതും ഭീതിദമായ ദുശ്യങ്ങളാണ്. പലരും വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട ശേഷം സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിരക്ഷപ്പെടുന്നതും കാണാം. കൂട്ടിയിടിയെ തുടര്‍ന്ന് ചില വാഹനങ്ങളില്‍നിന്ന് തീ ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്.
വാഹനങ്ങളില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകരെത്തിയാണ് ആശുപത്രികളിലെത്തിച്ചത്. ട്രക്കുകളും ട്രാക്ടര്‍ ട്രെയ്ലറുകളും കാറുകളും ഉള്‍പ്പെടെ അറുപതോളം വാഹനങ്ങള്‍ തമ്മിലാണ് കൂട്ടിയിടി ഉണ്ടായതെന്നു പൊലീസ് പറഞ്ഞു.