ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ ജീവനക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി സഹപ്രവർത്തകർ. എ.ആർ.നഗർ കുന്നുംപുറക്കാരനായ 37കാരൻ പ്രിയരാജയ്ക്കാണ് ഷോക്കേറ്റത്. വെള്ളിയാഴ്ച പതിനൊന്നരയോടെ കോഴിക്കോട് തൃശ്ശൂർ ദേശീയപാതയ്ക്കരികെ വേങ്ങര കൂരിയാട് കവലയിലാണ് അപകടം നടന്നത്. തകരാറിലായ ലൈൻ ശരിയാക്കാൻ കൂരിയാട് എത്തിയതായിരുന്നു ജീവനക്കാർ.
പണികഴിഞ്ഞ് താഴത്തിറങ്ങിയശേഷം മുകളിൽ മറന്നുവെച്ച പണിയായുധം എടുക്കാൻ പ്രിയരാജ വീണ്ടും കയറി. ഇതറിയാതെ മറ്റുള്ളവർ വൈദ്യുതലൈൻ ഓണാക്കിയതാണ് അപകടത്തിന് വഴിവെച്ചത്. ഷോക്കേറ്റ് തെറിച്ച പ്രിയരാജൻ മറ്റൊരു കമ്പിയിൽ ഉടക്കിനിന്നു.
ഇതുകണ്ട ഒരു സഹപ്രവർത്തകൻ പെട്ടെന്ന് വൈദ്യുതിത്തൂണിൽ കയറുകയും ഇദ്ദേഹത്തെ സാഹസികമായി താങ്ങിനിർത്തുകയുമായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാരും ഓടിയെത്തി. അഗ്നിസുരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവർ എത്താൻ വൈകുമെന്നറിഞ്ഞതോടെ വഴിയെ വന്ന ടിപ്പർ ലോറി തടഞ്ഞുനിർത്തി അതിന്റെ പിൻഭാഗം ഉയർത്തി അതിൽ
കയറിനിന്ന് കയറിട്ടിറക്കിയാണ് ബോധരഹിതനായ പ്രിയരാജിനെ താഴെയെത്തിച്ച് ആശുപത്രിയിലെത്തിച്ചത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തംഗം പി.പി. സഫീർബാബു, മടപ്പള്ളി മജീദ്, ഇ. മുഹമ്മദലി, ഡൗൺ ടൗൺ റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. പ്രിയരാജൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ സുഖംപ്രാപിച്ചു വരികയാണ്.