ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നത് ഒരമ്മയും മകനുമാണ്. മകന് പഠിക്കാന്‍ കൂട്ടിരുന്ന് സര്‍ക്കാര്‍ സര്‍വീസില്‍ മകനൊപ്പം കയറിയ ഒരമ്മ. തന്റെ 42-ാം വയസില്‍ മലപ്പുറം ജില്ല ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 92-ാമതെത്തിയിരിക്കുകയാണ് ബിന്ദു. ഈ തിളക്കത്തോടൊപ്പം സര്‍ക്കാര്‍ സര്‍വീസിലേക്ക് മകനൊപ്പം എന്ന അപൂര്‍വനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇവര്‍.
മലപ്പുറം ജില്ലാ എല്‍.ഡി.സി. റാങ്ക് ലിസ്റ്റില്‍ 38-ാം റാങ്ക് ആണ് മകന് വിവേക് നേടിയിരിക്കുന്നത്. അങ്കണവാടി അധ്യാപികയായിരുന്നു ബിന്ദു. അരീക്കോട് മാതക്കോട് അംഗന്‍വാടി അധ്യാപികയായ ബിന്ദു മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. പതിനൊന്ന് വര്‍ഷമായി അധ്യാപികയായി ജോലി ചെയ്യുന്നു. ഇവര്‍ക്ക് പങ്കുവെക്കാനുള്ളത് കൈവിടാത്ത പ്രതീക്ഷയുടെയും കഠിനാധ്വാനത്തിന്റെയും കഥയാണ്.
വിവാഹവും മറ്റു ജീവിത സാഹചര്യങ്ങളും കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ബിന്ദു പഠനം പിന്നീട് തുടരുന്നത് മുപ്പതാം വയസിലാണ്. അങ്ങനെ തന്റെ 42-ാം വയസില്‍ സര്‍ക്കാര്‍ ജോലി സ്വന്തമാക്കിയിരിക്കുകയാണ് ഈ അമ്മ. 24-ാം വയസില്‍ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം മകന് വിവേകും സ്വന്തമാക്കി. അമ്മയാണ് വിവേകിനെ പി.എസ്.സി. ക്ലാസില്‍ ചേര്‍ത്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് ക്ലാസില്‍ പോകുന്നത്. ഞായറാഴ്ചയാണ് ക്ലാസിലും ബാക്കി ദിവസം ബിന്ദു അങ്കണവാടിയിലും പോകുന്നത്.