തിരുവനന്തപുരം കേസവദാസപുരത്ത് വീട്ടമ്മ മനോരമയെ പ്രതി ആദം അലി കഴുത്തറുത്തശേഷമാണ് കിണറ്റില്‍ തള്ളിയതെന്ന് പൊലീസ്. വീട്ടമ്മയെ പിന്നില്‍ നിന്നും ആക്രമിക്കാന്‍ പ്രതി ശ്രമിച്ചു. പാക്ക് വെട്ടിക്കൊണ്ടിരിക്കുകയായിരുന്നു മനോരമ അപ്പോള്‍. നിലവിളിച്ചപ്പോള്‍ വായ കൂട്ടിപ്പിടിച്ചു. ശ്വാസം കിട്ടാതെ പരക്കം പായുന്നതിനിടെ മനോരമ ഉപയോഗിച്ചിരുന്ന കത്തിയെടുത്ത് കഴുത്ത് അറുത്തുവെന്നും ആദം അലി വെളിപ്പെടുത്തിയതായി പൊലീസ് സൂചിപ്പിച്ചു.
മനോരമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാത്തതിനാല്‍ അതിക്രൂര കൊലപാതകത്തെക്കുറിച്ചുളള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നില്ല. 21 കാരനായ പ്രതി ആദം അലി സ്വദേശമായ ബംഗാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ, ചെന്നൈയില്‍ വെച്ചാണ് പിടിയിലായത്. ഇയാളെ ഇന്ന് തിരുവനന്തപുരത്തെത്തിക്കും.
മനോരമയുടെ മൃതദേഹത്തിന്റെ നെറ്റിയില്‍ ആഴത്തിലുള്ള ചതവുമുണ്ട്. ഇത് കിണറ്റിലേക്കിട്ടപ്പോള്‍ ഉണ്ടായതാണോയെന്നാണ് സംശയിക്കുന്നത്. തുടക്കത്തില്‍ കേസന്വേഷണത്തില്‍ പൊലീസ് കാണിച്ച അലംഭാവമാണ് പ്രതി സംസ്ഥാനം വിടാന്‍ ഇടയാക്കിയതെന്ന ആക്ഷേപവും ശക്തമാണ്. മനോരമയുടെ വീടിനടുത്തുള്ള കിണറുകള്‍ പരിശോധിക്കാനും വെള്ളം വറ്റിക്കാനും ആദ്യം മെഡിക്കല്‍ കൊളജ് പൊലീസ് തയ്യാറായില്ല.
ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെയാണ് രാത്രി ഫയര്‍ഫോഴ്സിനെ വിളിച്ച് കിണര്‍ വറ്റിച്ചത്. ഇതോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുള്ള അതിഥി തൊഴിലാളികളില്‍ ഒരാളെ കാണാനില്ലെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ ട്രെയിന്‍ അലര്‍ട്ടില്‍ പൊലീസ് വിവരം കൈമാറിയില്ല. ട്രെയിനുകളിലും പൊലീസ് പരിശോധന നടത്തിയില്ല.
അടുത്ത ദിവസം രണ്ടുമണിയോടെയാണ് ചെന്നൈ എക്സ്പ്രസില്‍ രക്ഷപ്പെട്ടുവെന്ന് ഷാഡോ പൊലീസിന്റെ പരിശോധയില്‍ വ്യക്തമാകുന്നത്. തിരുവനന്തപുരം ഡിസിപി അജിത്ത് ചെന്നൈ പൊലീസിന്റെ സഹായം തേടിയതോടെയാണ് ബംഗാളിലേക്ക് രക്ഷപ്പെടുന്നതിനിടെ പ്രതി പിടിയിലാകുന്നത്.