കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഒരു സ്ത്രീയുടെ വോയിസ് ക്ലിപ്പും വര്‍ണ്ണാഭമായ ഒരു പുഴുവിന്‍റെ ചിത്രവും വാട്സാപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ കാട്ടുതീ പോലെ പ്രചരിക്കുകയാണ്. കാണാന്‍ സുന്ദരനാണ് ഈ പുഴുവെങ്കിലും കടിച്ചാല്‍ അഞ്ച് മിനിട്ടിനകം മരണം സംഭവിക്കുമെന്നാണ് വോയിസ് ക്ലിപ്പില്‍ പറയുന്നത്.
അതുകൊണ്ടുതന്നെ ഈ പുഴുവിനെ കണ്ടാല്‍ ഉടന്‍ ചുട്ടുകൊല്ലണമെന്നാണ് വോയിസ് ക്ലിപ്പിലെ നിര്‍ദേശം. കര്‍ണാടകത്തിലെ കരിമ്ബിന്‍ തോട്ടത്തില്‍ കണ്ടെത്തിയ പുഴുവിനെ കേരളത്തിലെ വടക്കന്‍ ജില്ലകളിലും കണ്ടുവരുന്നതായാണ് പറയുന്നത്. എന്നാല്‍ ഈ വോയിസ് ക്ലിപ്പിലെ വിവരങ്ങളെല്ലാം തെറ്റാണെന്നാണ് ജീവശാസ്ത്ര മേഖലയിലെ പ്രമുഖ ഗവേഷകര്‍ പറയുന്നത്.
പലപ്പോഴും കരിമ്ബിന്‍ത്തോട്ടത്തില്‍ കാണപ്പെടുന്ന പ്രാണിയാണ് മരണകാരണമെന്ന് കാട്ടി പുഴുവിന്റെ ചിത്രവും മനുഷ്യന്റെ മൃതദേഹവും സഹിതമുള്ള സന്ദേശമാണ് പ്രചരിച്ചിരുന്നത്. കാറ്റര്‍പില്ലര്‍ ഇനത്തില്‍പ്പെടുന്ന പുഴുവിനെ സംബന്ധിച്ച പ്രചരണമാണ് കര്‍ഷകരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നത്.
നിരവധി കാര്‍ഷിക വിദഗ്ധരും ശാസ്ത്രജ്ഞരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാറ്റര്‍പില്ലറിനെക്കുറിച്ച് സ്വന്തം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ഈ പുഴു അപകടകരമല്ലെന്നും മരണത്തിന് കാരണമാകില്ലെന്നുമാണ് പറയപ്പെടുന്നത്.
“മനുഷ്യര്‍ സ്പര്‍ശിച്ചാല്‍ കാറ്റര്‍പില്ലറുകള്‍ മറ്റു പുഴുക്കളെ പോലെ തന്നെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കും, അതിന് കാരണം അതിന്‍റെ രോമ അഗ്രങ്ങളെല്ലാം കൂര്‍ത്തിരിക്കുന്നത് കൊണ്ടാണ്. അത് മനുഷ്യശരീരത്തില്‍ തുളഞ്ഞുകയറുകയും ചെറിയ വേദനയും ചൊറിച്ചിലും അനുഭവപ്പെടും. എന്നാല്‍ മരണത്തിന് കാരണമാകുന്നില്ല. ലോകത്ത് ഇതുവരെയും കാറ്റര്‍പില്ലറുകള്‍ കടിച്ചോ സ്പര്‍ശിച്ചോ മനുഷ്യന്‍ പോയിട്ട് ഒരു ജീവി പോലും മരിച്ചിട്ടില്ലന്നും” ശാസ്ത്രജ്ഞര്‍ പറയുന്നു.