ഐഎസ്എല്ലില്‍ മുന്‍ ജേതാക്കള്‍ തമ്മിലുള്ള ആവേശപ്പോരില്‍ സമനില സമ്മതിച്ച് ചെന്നൈയ്ന്‍ എഫ്‌സിയും ബെംഗളൂരു എഫ്‌സിയും. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പോയിന്റ് പങ്കിട്ടത്. രണ്ടു ഗോളുകളും ആദ്യപകുതിയിലായിരുന്നു. നാലാം മിനിറ്റില്‍ തന്നെ സൂപ്പര്‍ താരം റോയ് കൃഷ്ണയുടെ ഗോളില്‍ ബെംഗളൂരു അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ മലയാളി താരം കെ പ്രശാന്തിലൂടെ ചെന്നൈ സമനില പിടിച്ചുവാങ്ങുകയായിരുന്നു.
ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിനു അംപയര്‍ നേരിട്ട് ചുവപ്പ് കാര്‍ഡ് നല്‍കിയതിനെ തുടര്‍ന്നു ശേഷിച്ച സമയം 10 പേരുമായാണ് അവര്‍ ബെംഗളൂരുവിനെ പിടിച്ചുകെട്ടിയത്. സബ്സ്റ്റിറ്റിയൂഷനുകള്‍ നേരത്തേ തന്നെ നടത്തിയതിനാല്‍ ദേബ്ജിത്തിനു പകരം മറ്റൊരു ഗോളിയെ കളത്തിലിറക്കാന്‍ ചെന്നൈയ്ക്കായില്ല. ഇതോടെ ചെന്നൈയുടെ ഒരു ഡിഫന്‍ഡര്‍ ഗോള്‍കീപ്പറുടെ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
വളരെയധികം ആവേശകരമായിരുന്നു ആദ്യപകുതി. ആദ്യ ഗോള്‍ നേടുന്നതു വരെ കളി നിയന്ത്രിച്ചത് ബെംഗളൂരു ആയിരുന്നെങ്കില്‍ പിന്നീട് അങ്ങോട്ട് ചെന്നൈ കളം വാഴുകയായിരുന്നു. ഹൈ പ്രസിങ് ഗെയിമിലൂടെ ചെന്നൈയുടെ സൂപ്പര്‍ മച്ചാന്‍സ് ബെംഗളൂരുവിനെ മുള്‍മുനയില്‍ നിര്‍ത്തി. രണ്ടാം പകുതിയില്‍ ചെന്നൈയും ബെംഗളൂരുവും ഒരുപോലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷെ ഗോള്‍ മാത്രം പിറന്നില്ല.