ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ വലിയ അഴിച്ചുപണിയാണ് നടക്കുന്നത്. ട്വിറ്ററില്‍ നിന്ന് തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നത്.
ട്വിറ്ററില്‍ നിന്ന് പലര്‍ക്കും ഇമെയിലുകള്‍ വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു അറിയിപ്പും നല്‍കാതെയാണ് പിരിച്ചുവിടുന്നത്. മസ്‌കിനെതിരെ പലരും കോടതിയെയും സമീപിച്ച് കഴിഞ്ഞു.
തൊഴിലാളി നിയമങ്ങള്‍ എല്ലാം ട്വിറ്റര്‍ ലംഘിച്ചുവെന്നാണ് പരാതി. എന്നാല്‍ ഒരു ഇന്ത്യന്‍ യുവാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. പിരിച്ചുവിട്ടിട്ടും അതില്‍ പരാതിയില്ലെന്നാണ് യുവാവ് പറയുന്നത്. അത് സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുന്നതാണ്.
യഷ് അഗര്‍വാള്‍ എന്ന 25കാരനെയാണ് കമ്പനി പുറത്താക്കിയത്. ട്വിറ്റര്‍ ഇന്ത്യയുടെ, ദക്ഷിണേഷ്യയുടെയും ഭാഗമായിരുന്നു യഷ്. പബ്ലിക് പോളിസി അസോസിയേറ്റായിട്ടായിരുന്നു പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ എന്നെ ട്വിറ്റര്‍ ഒഴിവാക്കി. ഈ കമ്പനിയില്‍ ജോലി ചെയ്തത് വലിയ അഭിമാനമായി കാണും. ഈ ടീമിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായി നല്ല രീതിയില്‍ ജോലി ചെയ്യാന്‍ പറ്റിയെന്നും യഷ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു. ജോലി ചെയ്ത സ്ഥലത്തെ ഇഷ്ടപ്പെടുന്നുവെന്നും, ലവ് ട്വിറ്റര്‍ എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും ഇതോടൊപ്പം യുവാവ് ചേര്‍ത്തിട്ടുണ്ട്.
പോസ്റ്റിനൊപ്പം ട്വിറ്ററിന്റെ ലോഗോ വെച്ചുള്ള രണ്ട് തലയിണകള്‍ പിടിച്ച് ചിരിച്ച് നില്‍ക്കുന്നൊരു ഫോട്ടോയും യഷ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മിനുട്ടുകള്‍ കൊണ്ട് വൈറലായിരിക്കുകയാണ് ഈ പോസ്റ്റ്. യുവാവ് വളരെ പോസിറ്റീവായിട്ടുള്ള ആളാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
ജീവിതത്തോട് തന്നെ പോസ്റ്റീവായ കാഴ്ച്ചപ്പാടുള്ള യഷിനെ പോലുള്ളവരെ അപൂര്‍വമായിട്ടേ കാണൂ. മികച്ചൊരു ജോലി നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നും ഒരു യൂസര്‍ കുറിച്ചു. അതേസമയം യുവാവ് ട്വിറ്ററിനെ പരിഹസിച്ച് പോസ്റ്റിട്ടതാണെന്ന് ഒരു വിഭാഗം പറയുന്നുണ്ട്.
അതേസമയം ഇയാളോട് പുറത്താക്കിയതില്‍ കേസ് കൊടുക്കാന്‍ ആവശ്യപ്പെടുന്നവരും ധാരാളമുണ്ട്. കാലിഫോര്‍ണിയയില്‍ കേസ് നടത്തുന്നവര്‍ക്കൊപ്പം ചേരാന്‍ ആവശ്യപ്പെട്ടവരുമുണ്ട്. ഇലോണ്‍ മസ്‌ക് ഫാസിസ്റ്റാണെന്ന് നിരവധി പേര്‍ ട്വിറ്ററില്‍ ആരോപിക്കുന്നു.
വെള്ളിയാഴ്ച്ച മുതലാണ് ട്വിറ്ററില്‍ നിന്ന് ജീവനക്കാരെ പിരിച്ച് വിട്ട് തുടങ്ങിയത്. യാതൊരു ആനുകൂല്യവും ഇവര്‍ക്ക് നല്‍കില്ലെന്നും സൂചനയുണ്ട്. ട്വിറ്ററിലെ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാനും നിര്‍ദേശമുണ്ട്. ട്വിറ്ററിന് ദിവസേന നാല് മില്യണ്‍ ഡോളറാണ് നഷ്ടമാകുന്നതെന്ന് മസ്‌ക് പറഞ്ഞു. അതുകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കാതെ വഴിയില്ലെന്നും മസ്‌ക് പറഞ്ഞിരുന്നു.