തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച അധിക ഇന്ധന സെസ് കെ.എസ്.ആർ.ടി.സിയുടെ ചെലവ് വർദ്ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ധന നികുതി സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ അധിക തുക അനുവദിച്ചിട്ടുണ്ടെന്നും കോർപ്പറേഷന്‍റെ നിലനിൽപ്പ് അപകടത്തിലാക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു.
നിയമസഭ തീരാൻ ഇനിയും സമയമുണ്ട്. ബിൽ പാസാക്കുന്നതിന് മുൻപുള്ള ചർച്ചകൾ നടക്കുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം വരുമ്പോഴേ ബജറ്റിൻ്റെ പൂർണരൂപം ജനങ്ങൾക്ക് കാണാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.