തിരുവനന്തപുരം: സഹകരണ ബാങ്കിന്റെ ജപ്തിയില്‍ മനംനൊന്ത് വൈക്കത്ത് ഗൃഹനാഥനും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പത്തനാപുരത്ത് സാക്ഷരതാ പ്രേരകും ആത്മഹത്യ ചെയ്തതിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലെ സാധാരണക്കാരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും അറിയാതെയും സംസ്ഥാനത്തിന്‍റെ സാമ്പത്തിക പശ്ചാത്തലം മനസിലാക്കാതെയുമാണ് ബജറ്റ് തയ്യാറാക്കിയതെന്ന പ്രതിപക്ഷത്തിന്‍റെ വാദം ശരിവയ്ക്കുന്നതാണ് ഈ ആത്മഹത്യകൾ എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ സാധാരണ ജനങ്ങൾ കടക്കെണിയിലാണ്. പതിനായിരക്കണക്കിന് ജപ്തി നോട്ടീസുകളാണ് പ്രവഹിക്കുന്നത്. പ്രളയത്തിനും മഹാമാരിക്കും ശേഷം ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബഹുഭൂരിപക്ഷം ജനങ്ങളും. തീരദേശ, കാർഷിക, പട്ടികജാതി, പട്ടികവർഗ മേഖലകളിൽ നിന്ന് കരച്ചിൽ മാത്രമാണ് കേൾക്കുന്നത്. അവർക്ക് അർഹതപ്പെട്ട സാമ്പത്തിക സഹായം പോലും സർക്കാർ നിഷേധിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
അധികാരത്തിന്‍റെ അഹങ്കാരത്തിൽ പാവപ്പെട്ടവരുടെ ദുരവസ്ഥ കാണാൻ സർക്കാരിന് സമയമോ താൽപ്പര്യമോ ഇല്ല. സഹായിക്കുന്നില്ലെന്ന് മാത്രമല്ല, പൊതുപണം പാഴാക്കി ദരിദ്രരുടെ മേൽ അതിന്റെ ബാധ്യത കൂടി ചുമത്തുകയാണ് സർക്കാർ ചെയ്യുന്നത്. പാവപ്പെട്ടവരുടെ പോക്കറ്റ് കാലിയാക്കാൻ ബജറ്റിൽ സർക്കാർ കാണിച്ച ഉത്സാഹം പാവപ്പെട്ടവരെ സഹായിക്കുന്നതിലും കാണിക്കണം എന്നും വി ഡി സതീശൻ പറഞ്ഞു.