വാഷിങ്ടൻ: ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് സൂര്യനിൽ നിന്ന് പുതിയ വിവരങ്ങൾ. സൂര്യന്‍റെ ഉപരിതലത്തിൽനിന്ന് ഒരുഭാഗം വിഘടിച്ചെന്നും ഉത്തരധ്രുവത്തിനു ചുറ്റും ഒരു വലിയ ചുഴലിക്കാറ്റ് രൂപപ്പെടുകയും ചെയ്തുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ഇത് എങ്ങനെ സംഭവിച്ചുവെന്നും ഇത് ഭൂമിയെ ബാധിക്കുമോയെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.
നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പാണ് ഈ പ്രതിഭാസം പകർത്തിയത്. ബഹിരാകാശ ഗവേഷക ഡോ.തമിത സ്കോവാണ് ഇതിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചത്. സൂര്യന്‍റെ വടക്കൻ ഭാഗത്താണ് ഈ പ്രതിഭാസം സംഭവിച്ചത്. വേർപ്പെട്ട ഭാഗം സൂര്യന്‍റെ ഉത്തരധ്രുവത്തിനു ചുറ്റും വലം വയ്ക്കുന്നുവെന്നും അവർ പറഞ്ഞു.
ഇത്തരത്തിൽ വേർപ്പെട്ട ഭാഗം ഏകദേശം 60 ഡിഗ്രി അക്ഷാംശത്തിൽ പ്രദക്ഷിണം ചെയ്യാൻ 8 മണിക്കൂർ വരെ എടുക്കുമെന്ന് നിരീക്ഷകർ അറിയിച്ചതായി സ്കോവ് വ്യക്തമാക്കുന്നു. സൂര്യന്‍റെ ഉപരിതലത്തിൽ നിന്ന് പുറത്തേക്ക് നീളുന്ന സൂര്യന്‍റെ ഭാഗമാണ് വിഘടിച്ചതെന്ന് നാസ കണ്ടെത്തി. മുമ്പും ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാസ പറയുന്നു. സൂര്യൻ തുടർച്ചയായി സൗരജ്വാലകൾ പുറപ്പെടുവിക്കുന്നു. ഇത് ചില സമയങ്ങളിൽ ഭൂമിയുടെ വാർത്താ വിതരണത്തെ ബാധിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.