മസ്തിഷ്കം തിന്നുന്ന അമീബയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം. അമേരിക്കയിലെ ഷാർലറ്റ് കൗണ്ടിയിൽ നിന്നുള്ള ഒരു യുവാവ് നെയ്ഗ്ലേറിയ ഫൗലേറി എന്ന അമീബ ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്.
പൈപ്പ് വെള്ളത്തിൽ നിന്ന് മൂക്ക് കഴുകുന്നതിനിടെയാണ് അമീബ തലച്ചോറിലെത്തിയത്. ഫെബ്രുവരി 20നാണ് യുവാവ് മരിച്ചത്. അണുബാധയെക്കുറിച്ച് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി മൂന്ന് ദിവസത്തിനുള്ളിലാണ് മരണം. അണുബാധ സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഷാർലറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു.
കുളിക്കുക, മുഖം കഴുകുക, നീന്തുക തുടങ്ങി, വെള്ളവുമായി അടുത്തിടപഴകുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഈ അമീബ മണ്ണിലും തടാകങ്ങൾ, നദികൾ തുടങ്ങിയ സ്ഥലങ്ങളിലും കാണപ്പെടുന്നു. വെള്ളം കുടിച്ച് ശരീരത്തിൽ എത്തുന്നത് ഒരു പ്രശ്നമല്ല, മറിച്ച് മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നതാണ് അവസ്ഥയെ വഷളാക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.