തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് കൊണ്ടുവന്ന മൺപാത്രങ്ങളിലെ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മേയർ ആര്യ രാജേന്ദ്രൻ. പാപ്പനംകോട് എൻ.ഐ.ഐ.എസ്.ടിയിലാണ് പരിശോധന.
പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും മേയർ പറഞ്ഞു. പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ശേഖരിച്ച് ലൈഫ് പദ്ധതിക്കുള്ള വീടുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുമെന്നും മേയർ അറിയിച്ചു. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുകയും ശുചീകരണ സമയത്ത് തന്നെ കല്ലുകൾ ശേഖരിക്കുകയും ചെയ്യും. അനധികൃതമായി കല്ല് ശേഖരിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മേയർ അറിയിച്ചു. പൊങ്കാലയോട് അനുബന്ധിച്ച് കൂടുതൽ ശൗചാലയങ്ങൾ ഒരുക്കുമെന്നും മേയർ പറഞ്ഞു.
അതേസമയം ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 300 ഓളം സൈനികരെയാണ് സുരക്ഷാ ചുമതലകൾക്കായി വിന്യസിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും. റെയിൽവേ നാല് സ്പെഷ്യൽ ട്രെയിനുകളും സജ്ജീകരിച്ചിട്ടുണ്ട്.