കൊളംബിയയില്‍ കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ നിഷ്‌കരുണം കൊലപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. കൊളംബിയയില്‍
രോഗവ്യാപനം വര്‍ദ്ധിക്കുന്ന പ്രദേശങ്ങളിലാണ് ക്വാറന്റൈന്‍ നിയമങ്ങള്‍ നടപ്പാക്കാനായി ആയുധധാരികളായ മാഫിയ സംഘങ്ങള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എന്ന സംഘടനയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ക്രിമിനല്‍ സംഘങ്ങളുടെ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ അവരെ ചോദ്യം ചെയ്യുകയോ ചെയ്ത പത്തോളം പേര്‍ ഒരു മാസത്തിനിടെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെയാണ് മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ ക്രൂരതകള്‍ അരങ്ങേറുന്നത്. തങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്ന ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ആളുകളെ കൊളംബിയന്‍ ‘ ഡ്രഗ് കാര്‍ട്ടലുകള്‍ ‘ തത്ക്ഷണം കൊലപ്പെടുത്തുന്നത്.
കൊളംബിയയിലെ 32 സംസ്ഥാനങ്ങളില്‍ 11 എണ്ണത്തിലെങ്കിലും ഡ്രഗ് കാര്‍ട്ടലുകള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.
ഇതില്‍ അഞ്ചോളം സംസ്ഥാനങ്ങളില്‍ തോക്കുധാരികളായ മാഫിയ സംഘങ്ങള്‍ ജനങ്ങള്‍ക്ക് മേല്‍ ആക്രമണങ്ങള്‍ നടത്തിയാണ് തങ്ങളുടെ നിയമങ്ങള്‍ നടപ്പാക്കുന്നത്.
കൊളംബിയയുടെ പല പ്രദേശങ്ങളിലും ജനങ്ങളെ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. കൊളംബിയന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളേക്കാള്‍ അതികഠിനമായ നിയന്ത്രണങ്ങളാണ് മാഫിയ സംഘങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.