നടന്‍ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഡിസംബര്‍ 31ന് പ്രഖ്യാപിക്കും. ജനുവരി ഒന്നിന് നിലവില്‍ വരുമെന്നും രജനീകാന്ത് പറഞ്ഞു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് മാസം മുമ്ബായിരിക്കും ഇത്. ആത്മീയ-മതേതര രാഷ്ട്രീയമാണ് പാര്‍ട്ടി മുന്നോട്ടു വക്കുകയെന്നും തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും രജനികാന്ത് പറഞ്ഞു.
രജനിയുടെ ട്വീറ്റ് ഇങ്ങനെ;
‘തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പാണ്. ജാതി മത പരിഗണനകളില്ലാത്ത, സത്യസന്ധവും അഴിമതി രഹിതവുമായ ആത്മീയ മതേതര രാഷ്ട്രീയമാണ് ലക്ഷ്യം വക്കുന്നത്. ഇതുവരെയില്ലാത്ത രീതിയില്‍ എല്ലാം ഞങ്ങള്‍ മാറ്റിമറിക്കും.
തമിഴ് ജനതക്കു വേണ്ടി എന്റെ ജീവിതം തന്നെ സമര്‍പ്പിക്കാന്‍ തയാറാണ്.’
എന്നാല്‍, ഏതു മണ്ഡലത്തിലാണ് മത്സരിക്കുകയെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. താന്‍ ജയിച്ചാല്‍ അത് ജനങ്ങളുടെ വിജയമായിരിക്കുമെന്നും തോറ്റാല്‍ അവരുടെ പരാജയമായിരിക്കുമെന്നും രജനികാന്ത് പറഞ്ഞു.
തന്റെ രജനി മക്കള്‍ മണ്‍ട്രം ഫോറത്തിന്റെ മുതിര്‍ന്ന ഭാരവാഹികളുമായി ചര്‍ച്ച നടത്തി മൂന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് വര്‍ഷങ്ങളോളമായുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച വിവരങ്ങള്‍ രജനി വെളിപ്പെടുത്തിയത്.