കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗണ് മെയ് 30വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ മലപ്പുറം ഒഴികെ കോവിഡ് ടിപിആർ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 25 ശതമാനത്തിന് താഴെയാകുകയും,
ആക്ടീവ് കേസുകൾ കുറയുകയും ചെയ്തു. അത് പരിഗണിച്ച് എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ശനിയാഴ്ച രാവിലെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. മലപ്പുറം ഒഴിച്ച്
എല്ലാ ജില്ലകളിലും ലോക്ഡൗൺ ഇന്നത്തെ നിലയില് തുടരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി ടിപിആർ കുറഞ്ഞതല്ല അനുഭവം.
കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരും. പൊലീസ് സംവിധാനം കുറേക്കൂടി ജാഗ്രതയോടെ നീങ്ങും. ലോ ആന്ഡ് ഓർഡർ എഡിജിപി മലപ്പുറത്ത് പോയി സാഹചര്യങ്ങള്
വിലയിരുത്തും. പൊലീസ് ഐജി മലപ്പുറത്ത് കേന്ദ്രീകരിച്ച് പ്രവര്ത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.