യുവാവിനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായി. പൂവറ്റൂര്‍ കിഴക്ക് പുത്തൂര്‍മുക്കില്‍ മനുരാജി (33) ന്റെ മരണവുമായി ബന്ധപ്പെട്ട് പട്ടാഴി തേക്കെത്തേരി നരിക്കോട് പൗലോസ് (71),
കലയപുരം പാറവിള മോഹനന് (44) എന്നിവരെയാണ് കൊട്ടാരക്കര ഡിവൈ.എസ്.പി സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മനുരാജിനെ ഭാര്യ അശ്വതിയുടെ വീട്ടിന് സമീപമുള്ള
പാറക്കുളത്തില്‍ കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മനുരാജിനെ ജൂണ്‍ രണ്ട് മുതല്‍ കാണാതായതായി ഭാര്യ പരാതിപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസം പാറക്കുളത്തില്‍ മനുരാജിന്റെ ശരീരം പൊങ്ങുകയായിരുന്നു.
സ്പെഷല്‍ ബ്രാഞ്ച് പൊലീസ് മരണത്തില്‍ സംശയമുണ്ടെന്ന് കൊല്ലം റൂറല്‍ ജില്ല പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം കൊട്ടാരക്കര ഡിവൈ.എസ്.പിക്ക് കൈമാറി. ഇതിനിടയില്‍ പോറ്റ്മോര്‍ട്ടം
റിപ്പോര്‍ട്ടില്‍ മരണകാരണം തലക്കേറ്റ അടിമൂലമാണെന്ന് വ്യക്തമായി. മനുരാജും പ്രതികളായ പൗലോസും മോഹനനും ഒരുമിച്ച് കൂലിപ്പണികളും മറ്റും ചെയ്തുവരികയായിരുന്നു. ജൂണ്‍ രണ്ടിന് മനുരാജ് ജോലി കഴിഞ്ഞശേഷം
പൗലോസിന്റെ വീട്ടില്‍ ഒരുമിച്ചിരുന്നു മദ്യപിച്ചു. തുടര്‍ന്ന് അടക്കാമരം കച്ചവടം ചെയ്തതുമായി ബന്ധപ്പെട്ട് മനുരാജും പൗലോസും തമ്മില്‍ തര്‍ക്കമുണ്ടായി. അടക്കാമരക്കമ്ബ് കൊണ്ട് മനുരാജിന്റെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇതിനുശേഷം പൗലോസും മോഹനനും ചേര്‍ന്ന് മൃതദേഹം രാത്രിതന്നെ പാറക്കുളത്തില്‍ കൊണ്ടിട്ടു. സംഭവം കഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ക്കകം പൗലോസിന്റെ വീട് കത്തിനശിക്കുകയും ചെയ്തു.
ഇത് തെളിവ് നശിപ്പിക്കാന്‍ വേണ്ടിയായിരുന്നുവത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.