എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കുന്നത് കൂടുതല്‍ സുരക്ഷിതമാക്കാന്‍ വണ്‍ ടൈം പാസ് വേഡ് സംവിധാനം ജനുവരി ഒന്നുമുതല്‍ എസ്ബിഐ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ എസ്ബിഐ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ മൊബൈല്‍ഫോണില്‍ വരുന്ന ഒടിപി നമ്പര്‍ അടിച്ചുകൊടുത്താല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ ഇനിമുതല്‍ സാധിക്കുകയുളളൂ.
രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഒടിപി സംവിധാനം എസ്ബിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എടിഎം മെഷീനില്‍ കാര്‍ഡ് ഇട്ടാല്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിറിലേക്ക് ഒരു ഒടിപി വരും.
സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒടിപി നമ്പര്‍ രേഖപ്പെടുത്തിയാല്‍ പണം പിന്‍വലിക്കാം. ഇത്തരത്തിലാണ് സുരക്ഷാ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ബാങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കാത്തവര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയില്ലെന്നും എസ്ബിഐ മുന്നറിയിപ്പില്‍ നല്‍കുന്നുണ്ട്.
അതിനാല്‍ ഉടന്‍ തന്നെ മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ എസ്ബിഐ അക്കൗണ്ടുടമകളോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിനായി അതത് ബാങ്ക് ശാഖകളെ സമീപിക്കാനാണ് എസ്ബിഐയുടെ മുന്നറിയിപ്പില്‍ വ്യകതമാക്കുന്നത്.