പാലക്കാട്ട് കൊല്ലപ്പെട്ട കൊല്ലം സ്വദേശിനിയുടെ മൃതദേഹം പ്രതി പെട്രോളൊഴിച്ച് കത്തിക്കാനും ശ്രമിച്ചു. ഇതിന് കഴിയാതായപ്പോള്‍ കാല്‍മുട്ട് വരെയും പാദങ്ങളും മുറിച്ച് വേര്‍പ്പെടുത്തി
വീടിന്റെ മതിലിനോടു ചേര്‍ന്ന ചതുപ്പില്‍ കുഴിച്ചുമൂടുകയായിരുന്നു. പുലര്‍ച്ച കൊല്ലത്തെ ഭാര്യവീട്ടിലേക്ക് പോയ പ്രശാന്ത്, ഏപ്രില്‍ രണ്ടിന് അച്ഛനെയും അമ്മയെയും കൂട്ടി വീണ്ടും പാലക്കാട്ടെത്തുകയും
ഇവരെ വീട്ടിലാക്കി വീണ്ടും കൊല്ലത്തേക്ക് മടങ്ങി. സൈബര്‍ സെല്‍ സഹായത്തോടെ സുചിത്രയുടെ മൊബൈല്‍ കാള്‍ പിന്തുടര്ന്നാണ് കൊല്ലം ഡെപ്യൂട്ടി പൊലീസ് കമീഷണര്‍
ജോസി ചെറിയാന്, ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസിന്റെ ചുരുളഴിച്ചത്. പാലക്കാട് തഹസില്‍ദാര്‍ കെ.എം. മണികണ്ഠന്, സീനിയര്‍ പൊലീസ് സര്ജന് പി.ബി. ഗുജ്റാള്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തു.
വൈകീട്ട് പാലക്കാട് ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയും ചെയ്തു. മാര്‍ച്ച് 17ന് എറണാകുളത്ത് ബ്യൂട്ടിഷ്യന് ട്രെയിനിങ്ങിനെന്ന് പറഞ്ഞ് കൊല്ലത്തെ സ്ഥാപനത്തില്‍നിന്ന് പോയ സുചിത്ര തുടര്‍ന്ന് രണ്ടുദിവസം വീട്ടിലേക്ക് വിളിച്ചിരുന്നു.
20നും വിവരമില്ലാതായതോടെയാണ് പിതാവ് ശിവദാസന്‍ പിള്ള പരാതി നല്‍കിയത്. സുചിത്ര വിവാഹബന്ധം വേര്‍പെടുത്തിയതാണ്. സുചിത്രയെ കൊലപ്പെടുത്താന്‍ പ്രതി പ്രശാന്ത് മുന്‍കൂട്ടി ആസൂത്രണം നടത്തിയിരുന്നതായി സൂചന.
ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിച്ച് അന്വേഷണം വഴിതെറ്റിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രശാന്ത്, ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കത്തിക്കരിഞ്ഞ നിലയിലാണ് സുചിത്രയുടെ കാലുകളും പാദങ്ങളും കുഴിയില്‍നിന്ന് എടുത്തത്. കൊലക്കുപയോഗിച്ച സാമഗ്രികളില്‍ ചിലത് പൊലീസ് കണ്ടെടുത്തു.