സംസ്ഥാനത്ത് കോവിഡ്-19 വ്യാപനത്തില്‍ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നതെന്നും നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ളസ്റ്ററുകള്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതിലും ഈ സ്ഥിതിവിശേഷം സംഭവിക്കുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്യുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പൂന്തുറയില്‍ ആണ് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡിങ് ഉണ്ടായത്.
ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്റെ കാര്യത്തില്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആളുകള്‍ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല.
വായു സഞ്ചാരമുള്ള മുറികളില്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളില്‍ ആളുകള്‍ കയറിയതിനു ശേഷം ഷട്ടറുകള്‍ അടച്ചിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതും അനുവദനീയമല്ല. വായു സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളില്‍ രോഗം വളരെ പെട്ടെന്ന് പടരും.
പരിശോധനയുടെ തോത് ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 12,592 സാമ്ബിളുകള്‍ പരിശോധിച്ചു. ഒരു മത്സ്യ മാര്‍ക്കറ്റിലുണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവന്‍ ലോക്ക്ഡൗണിലേക്കാണ് നയിച്ചത്.
നഗരത്തിന്റെ വിവിധ മേഖലകളിലേയ്ക്ക് രോഗം എത്തിയിട്ടുണ്ട് എന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. തലസ്ഥാന നഗരത്തില്‍ മാത്രമല്ല കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്.
എപ്പോള്‍ വേണ്ടിവന്നാലും നിയന്ത്രണം കൂടുതല്‍ കടുപ്പിക്കേണ്ട സാഹചര്യമാണ്. ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്. നാം ആരും അതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നവരാണ് എന്ന ബോധം വേണ്ട.
നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നില്ലെങ്കില്‍ സമ്ബര്‍ക്ക വ്യാപനം സൂപ്പര്‍ സ്പ്രെഡിലെത്താനും സമൂഹവ്യാപനത്തിലെത്താനും അധികംസമയം വേണ്ട. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണം.
അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി മാത്രമേ നാം പുറത്തേക്കിറങ്ങാവൂ. എവിടേയും ആള്‍ക്കൂട്ടം ഉണ്ടാകരുത്. റിവേഴ്സ് ക്വാറന്റെനിലുള്ളവരുടെ വീടുകളിലേയ്ക്ക് അനാവശ്യ സന്ദര്‍ശനങ്ങള്‍ പാടില്ല.
രോഗബാധിതരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനും ക്വാറന്റൈനിലാക്കുന്നതിന്റേയും ഭാഗമായി വിവിധ വിഭാഗങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് വിപുലമായ പരിശോധനകളാണ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി ഗൈഡ്ലൈനും ആരോഗ്യ വകുപ്പ് പുറത്തിറക്കി. റുട്ടീന്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുറമേ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി റാപ്പിഡ് ആന്റിജന്‍ ബേസ്ഡ് ടെസ്റ്റിങ്ങും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.